BUSINESS
പുരപ്പുറ സോളർ: പിഎം സൂര്യ ഘറിൽ എറണാകുളത്തിന്റെ മുന്നേറ്റം; രണ്ടാംസ്ഥാനത്ത് ‘അപ്രതീക്ഷിത’ ജില്ല, ഏറ്റവും പിന്നിൽ വയനാട്

നരേന്ദ്ര മോദി സർക്കാർ അവതരിപ്പിക്കുകയും ദക്ഷിണേന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെയെല്ലാം കടത്തിവെട്ടി കേരളം ഏറ്റവും മുന്നിലെത്തുകയും ചെയ്ത ‘പിഎം സൂര്യ ഘർ – മുഫ്ത് ബിജ്‍ലി യോജന’ പുരപ്പുറ സോളർ പദ്ധതിയിൽ എറണാകുളത്തിന്റെ തേരോട്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് പദ്ധതിയിലേക്കായി ആകെ ലഭിച്ച അപേക്ഷകൾ 4.36 ലക്ഷമാണ്. 3.37 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിച്ചു. ഇതിൽനിന്നുള്ള ഉൽപാദനശേഷി 1282.27 മെഗാവാട്ട്. സബ്സിഡിയായി 2223.81 കോടിയും കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിച്ചു. ആന്ധ്രാപ്രദേശിൽ നിന്ന് 9.43 ലക്ഷം അപേക്ഷകൾ ലഭിക്കുകയും 3.48 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സ്ഥാപിതശേഷി 998.38 മെഗാവാട്ട് മാത്രം. സബ്സിഡിയായി നേടിയത് 1876.99 കോടി രൂപയും. കർണാടകയിൽ 37,357 വീടുകളിലേ പദ്ധതിപ്രകാരം സോളർ സ്ഥാപിച്ചിട്ടുള്ളൂ; ശേഷി വെറും 100.01 മെഗാവാട്ട്. സബ്സിഡി നേടിയത് 175.53 കോടിയും. തമിഴ്നാട്ടിൽ 1.08 ലക്ഷം വീടുകളിലായി 339.97 മെഗാവാട്ട് ശേഷിയുണ്ട്. സബ്സിഡി തുക 606.93 കോടി രൂപ. 77,140 വീടുകളാണ് തെലങ്കാനയിലുള്ളത്. സ്ഥാപിതശേഷി 223.13 മെഗാവാട്ട്. സബ്സിഡിയായി 353.52 കോടി രൂപ നേടി. ഗുജറാത്ത് (3072.88 മെഗാവാട്ട്), മഹാരാഷ്ട്ര (ശേഷി 2779.79 മെഗാവാട്ട്), ഉത്തർപ്രദേശ് (2643.31 മെഗാവാട്ട്) സംസ്ഥാനങ്ങളാണ് പദ്ധതിയിൽ ഏറ്റവും മുന്നിൽ. 3 സംസ്ഥാനങ്ങളും സബ്സിഡിയായി 5,000 രൂപയ്ക്കുമേൽ വീതം നേടിയിട്ടുമുണ്ട്. കേരളം നാലാംസ്ഥാനത്താണ്. കേരളത്തിൽ 50,000ഓളം വീടുകൾ പദ്ധതിയിലുള്ള എറണാകുളം ജില്ലയാണ് ഏറ്റവും മുന്നിൽ. 35,000 വീടുകളുമായി തൃശൂർ രണ്ടാമതാണ്. തെക്കൻ കേരളത്തിന്റെ ആധിപത്യമാണ് ടോപ് 5ൽ. തിരുവനന്തപുരം ജില്ല 30,000ൽപ്പരം വീടുകളുമായി മൂന്നാമതും കൊല്ലം 25,000ലേറെ വീടുകളുമായി 4-ാമതുമാണ്. 25,000ഓളം വീടുകളുമായി ആലപ്പുഴ ജില്ല 5-ാംസ്ഥാനത്തുണ്ട്.മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട, കാസർഗോഡ്, ഇടുക്കി ജില്ലകൾ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങൾ നേടി. 3000 മുതൽ 23,000 വരെ വീടുകളാണ് ഈ ജില്ലകളിലുള്ളത്. 3000ൽ താഴെ മാത്രം വീടുകളുമായി വയനാട് ആണ് ഏറ്റവും പിന്നിൽ. ഇന്ത്യയിലാകെ പിഎം സൂര്യ ഘർ പദ്ധതിയിലേക്ക് 79.25 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 54.08 ലക്ഷം വീടുകൾ പുരപ്പുറ സോളറിൽ തിളങ്ങുന്നു. 16,030.9 മെഗാവാട്ടാണ് മൊത്തം സ്ഥാപിതശേഷി. ഇവർ സംയോജിതമായി 30,270 കോടി രൂപ സബ്സിഡിയും നേടി. പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ. ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കാൻ ഏതാണ്ട് 60,000 രൂപ മുതൽ 80,000 രൂപവരെ ചെലുവരാം. 2 കിലോവാട്ട് സിസ്റ്റം സ്ഥാപിച്ചാൽ ചെലവ് 1.20 ലക്ഷം മുതൽ 1.60 ലക്ഷം രൂപവരെയാകാമെന്നും വിപണിയിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 3 കിലോവാട്ട് സിസ്റ്റത്തിന് ചെലവ് 1.80 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപവരെ.
Travel ⏭️


