BUSINESS
തലവര മാറുമോ? കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഇന്ത്യൻ എണ്ണക്കമ്പനി

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് രാജ്യാന്തര തലത്തിൽ ഊർജപ്രതിസന്ധി നേരിടുന്നതിനിടെ വൻ പ്രഖ്യാപവുമായി ഇന്ത്യൻ പൊതുമേഖല സ്ഥാപനം. കൃഷ്ണ-ഗോദാവരി തടത്തിൽ വലിയ പ്രകൃതി വാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ്. മുൻപ് പര്യവേഷണം നടത്താത്ത ‘മത്സ്യപുരി ഫോർമേഷനിൽ’ ആണ് ഇതു കണ്ടെത്തിയത്. പുതിയ കണ്ടെത്തൽ ഇന്ത്യയുടെ ഊർജ്ജ മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്തുള്ള ‘ഗോദാവരി-1 അപ്രൈസൽ വെല്ലിൽ’ നടത്തിയ പരിശോധനയിൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എസ്സിഎംഡി) വരെ വാതക പ്രവാഹം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 14.2 കിലോഗ്രാം തൂക്കമുള്ള 14,000 ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കാൻ ആവശ്യമായ പ്രകൃതി വാതകമാണു ഇതെന്നാണ് ഏകദേശ കണക്ക്. 2024-2027 മീറ്റർ ആഴത്തിലാണ് ഹൈഡ്രോകാർബൺ സാനിധ്യം കണ്ടെത്തിയത്. എന്നാൽ, ഇവിടെ എത്രത്തോളം വാതക ശേഖരം ഉണ്ടെന്ന കൃത്യമായ കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ മേഖലയിലെ അടുത്ത സോണിലും ഉടൻ തന്നെ പരീക്ഷണ ഡ്രില്ലിംങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കമ്പനി അറിയിച്ചു.ആവശ്യമായ ക്രൂഡോയിലിന്റെ വലിയൊരു പങ്കും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ അടുത്തിടെയുണ്ടായ ഇറാൻ-യുഎസ് സംഘർഷം രാജ്യത്തേക്കുള്ള എണ്ണവരവിനെ ബാധിച്ചിരുന്നു. ഇറക്കുമതി ചെലവും കൂടി. ഇതിനെ നേരിടാൻ ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതിനിടെയാണ് ഈ മുന്നേറ്റം. രാജ്യാന്തര അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര പര്യവേക്ഷണം വേഗത്തിലാക്കണമെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ഫിനാൻസ് ഡയറക്ടർ അഭിജിത് മജുംദാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ആഭ്യന്തര ക്രൂഡോയിൽ ഉൽപാദനത്തിൽ ഉണ്ടായ ഇടിവ് മറികടക്കാൻ കേന്ദ്ര സർക്കാർ വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2030-31 സാമ്പത്തിക വർഷം വരെ 84,084 കോടി രൂപയുടെ ‘നാഷണൽ ഓഫ്ഷോർ എക്സ്പ്ലോറേഷൻ സ്കീം’ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ക്രൂഡോയിൽ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പിക്കാൻ കൂടിയാണ് പദ്ധതി. നിലവിൽ ആവശ്യമായതിന്റെ 6 ശതമാനം പ്രകൃതി വാതകം മാത്രമാണ് ഇന്ത്യ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നത്. ഇത് 2030 എത്തുമ്പോൾ 15 ശതമാനമായി വർധിപ്പിക്കുകയാണ് കേന്ദ്രലക്ഷ്യം.
Travel ⏭️




