BUSINESS

മുത്തൂറ്റ് ഫിനാൻസിൽ നേതൃമാറ്റം; അലക്സാണ്ടർ ജോർജ് പുതിയ എംഡി, കെ.ആർ.ബിജിമോൻ‌ സിഇഒ, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് വൈസ് ചെയർമാൻ


കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (എൻബിഎഫ്സി) രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിൽ നേതൃമാറ്റം. അലക്സാണ്ടർ ജോർജ് മുത്തൂറ്റ് മാനേജിങ് ഡയറക്ടറാകും. മുത്തൂറ്റ് ഫിനാൻസ് മുൻ ചെയർമാൻ പരേതനായ എം.ജി.ജോർജ് മുത്തൂറ്റിന്റെ ഇളയ മകനായ അലക്സണ്ടർ ജോർജ്, നിലവിൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറാണ്.നിലവിലെ മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനാകും. നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ (സിഒഒ) കെ.ആർ.ബിജിമോനെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) നിയമിക്കാനും ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. ഒക്ടോബർ ഒന്നിനാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ഇത്. ജോർജ് ജേക്കബ് മുത്തൂറ്റ് ആണ് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ.കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി കമ്പനിയെ നയിക്കുന്ന ജോർജ് അലക്സാണ്ടർ മുത്തൂറ്റിന് കീഴിൽ ഒട്ടേറെ നേട്ടങ്ങളാണ് മുത്തൂറ്റ് ഫിനാൻസ് സ്വന്തമാക്കിയത്. 2026 ജൂൺ 30വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ സംയോജിത വായ്പാ ആസ്തി 1.91 ലക്ഷം കോടി രൂപ കവിഞ്ഞു. 2025-26ൽ സംയോജിത ലാഭം 10,606 കോടി രൂപയാണ്.7500ഓളം ശാഖകളും 50,000ൽ അധികം ജീവനക്കാരും കമ്പനിക്കുണ്ട്. കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഏറ്റവും മൂല്യമുള്ള കമ്പനിയും മുത്തൂറ്റ് ഫിനാൻസ് ആണ്; 1.25 ലക്ഷം കോടി രൂപ. മറ്റൊരു കേരളക്കമ്പനിയും ഇതുവരെ ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടില്ല.


Travel ⏭️

Back to top button