BUSINESS

ഹൃദയം പൊടിഞ്ഞ് കേരള പപ്പടം; കേരളത്തിലുണ്ടാക്കുന്ന പപ്പടം ഇനി എണ്ണയിലിട്ടാൽ കുമിളയ്ക്കില്ല! ‘പൊടിച്ചു കളയും’


മൂവാറ്റുപുഴ∙ കേരളത്തിൽ നിർമിക്കുന്ന പപ്പടം ഭാവിയിൽ എണ്ണയിലിട്ടാൽ കുമിളയ്ക്കില്ല. കേരളത്തിലെ പപ്പടത്തിന്റെ പ്രധാന സവിശേഷത ഈ കുമിളയാണ്. ഫൂഡ് സേഫ്റ്റി അതോറിറ്റിയുടെ പുതിയ ഗുണനിലവാര മാനദണ്ഡങ്ങൾ കുമിളയെ പൊടിച്ചു കളയുമെന്നാണ് പപ്പടനിർമാതാക്കളുടെ പരാതി. ദേശീയതലത്തിൽ എല്ലാത്തരം പപ്പടത്തിനും ഒരേ മാനദണ്ഡം നിർദേശിക്കപ്പെട്ടതാണു കേരളത്തിലെ തനത് പപ്പട നിർമാതാക്കൾക്കു വിനയാകുന്നത്.      ഉത്തരേന്ത്യൻ മസാല പപ്പടം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിർമിക്കുന്ന അപ്പളം എന്നിവയിൽ നിന്നു വ്യത്യസ്തമാണ് കേരളത്തിലെ പപ്പടം. കൂടുതൽ ഈർപ്പവും ജലാംശവും ഉള്ളതുകൊണ്ടാണ് കേരളത്തിലെ പപ്പടം എണ്ണയിൽ ഇടുമ്പോൾ നന്നായി കുമിള വരുന്നത്. എന്നാൽ ഉത്തരേന്ത്യൻ മസാല പപ്പടത്തിലോ അപ്പളത്തിലോ ജലാംശം ഉണ്ടാകാറില്ല. അതിനാൽ അവയ്ക്ക് ആയുസ്സ് കൂടുതലുമാണ്.   ഫൂഡ് സേഫ്റ്റി നിയമപ്രകാരം ഈർപ്പത്തിന്റെ അളവ് 15 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഈ മാനദണ്ഡം പാലിച്ച് പപ്പട നിർമാണം നടത്തിയാൽ കേരളത്തിലെ പപ്പടത്തിന്റെ തനത് സ്വഭാവമായ കുമിള ഇല്ലാതാകുമെന്ന് കേരള പപ്പടം മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ഈർപ്പത്തിന്റെ അളവ് കൂടുതലാണെന്നു കാട്ടി നിർമാതാക്കൾക്കെതിരെ പിഴ ചുമത്തുകയാണെന്നും ഇവർ ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിക്കും ഫൂഡ് സേഫ്റ്റി സയന്റിഫിക് കമ്മിറ്റിക്കും ഉടൻ തന്നെ നിവേദനം നൽകുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനീത് പ്രാരാത്ത് അറിയിച്ചു.


Travel ⏭️

Back to top button