BUSINESS
സ്വർണവായ്പ എടുക്കാൻ പരക്കംപാച്ചിൽ; അവസരം മുതലാക്കുന്ന ‘തന്ത്രം’, സ്വർണവില ഇടിഞ്ഞാൽ വലിയ തിരിച്ചടി

കൊച്ചി ∙ മറ്റു വായ്പകളുടെ തിരിച്ചടവിനായി ആളുകൾ വലിയതോതിൽ സ്വർണവായ്പയെ ആശ്രയിക്കുന്നത് ബാങ്കുകളെയും ബാങ്കിതര സ്ഥാപനങ്ങളെയും സമ്മർദത്തിലാക്കിയേക്കും. കഴിഞ്ഞ സാമ്പത്തികവർഷം നൽകിയ സ്വർണവായ്പകളുടെ 23%, 90 ദിവസമായി തിരിച്ചടവ് (നിഷ്ക്രിയ ആസ്തി) മുടങ്ങിയവർക്കാണ് നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് 4.70 ലക്ഷം കോടി രൂപ വരും. സ്വർണവായ്പകൾക്കു മറ്റു ചെറുകിട വായ്പകളെക്കാൾ റിസ്ക് കുറവാണെങ്കിലും മറ്റു വായ്പകളുടെ തിരിച്ചടവിനായി ആശ്രയിക്കുന്ന സ്വർണവായ്പകളുടെ എണ്ണം കൂടുന്നതിൽ ഈ രംഗത്ത് ആശങ്കയുണ്ട്. സ്വർണവില കുത്തനെ താഴുക കൂടി ചെയ്താൽ വായ്പകൊടുത്ത സ്ഥാപനങ്ങൾക്കും തലവേദനയാകും. വലിയതോതിൽ തിരിച്ചടവ് മുടങ്ങുമ്പോൾ വായ്പ നൽകിയ സ്ഥാപനങ്ങൾ ഈട് നൽകിയിട്ടുള്ള ആഭരണങ്ങൾ ലേലംചെയ്യേണ്ടി വരും. സ്വർണവില താഴേക്കുപോയാൽ ഇതിൽ നിന്ന് ലഭിക്കുന്ന തുക വിപണി വിലയെക്കാൾ കുറഞ്ഞ വിലയായിരിക്കും. വായ്പനൽകുന്നതിന് ആർബിഐ ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങളും വായ്പകൊടുക്കുന്ന സ്ഥാപനങ്ങൾക്ക് തലവേദനയായി മാറിയിരിക്കയാണ്. മുൻപ് ഈടു നൽകുന്ന ആഭരണത്തിന്റെ മൂല്യത്തിന്റെ 75% ലോണായി നൽകുമായിരുന്നു. എന്നാൽ ആർബിഐയുടെ പുതിയ നിർദേശമനുസരിച്ചു 2.50 ലക്ഷം വരെയുള്ള വായ്പകൾക്ക് ഈട് നൽകുന്ന ആഭരണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനവും 2.50 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള വായ്പകൾക്ക് 80 ശതമാനവും അതിനു മുകളിലുള്ള വായ്പയ്ക്ക് ഈടിന്റെ 75 ശതമാനവും വായ്പ നൽകാം. സ്വർണത്തിന്റെ വില കുറയുംതോറും വായ്പാതുകയും ഈടിന്റെ മൂല്യവും തമ്മിലുള്ള മാർജിൻ കുറഞ്ഞു വരും. ഇത് സ്ഥാപനങ്ങളുടെ റിസ്ക് കൂട്ടും. ആഭരണലേല നടപടികൾ ബാങ്കുകൾക്ക് അധിക ബാധ്യതയാകും. സ്വർണത്തിന്റെ വിലയിലെ കയറ്റിറക്കം മൂലമുള്ള റിസ്ക് നേരിടാൻ എല്ലാസ്ഥാപനങ്ങളും ആ റിസ്ക് ഹെഡ്ജ് ചെയ്യാറുണ്ട്. എന്നാൽ ഈട് വച്ചിട്ടുള്ള ആഭരണങ്ങൾ ലേലം ചെയ്യുമ്പോൾ വിപണി വിലയെക്കാൾ കുറഞ്ഞ വിലയാണ് ലഭിക്കുന്നതെങ്കിൽ ആ നഷ്ടം ഹെഡ്ജിങ് ഏജൻസി നികത്തില്ല. സ്വർണവായ്പ വിപണി അതിവേഗം വളരുകയാണ്. ആർബിഐയുടെ കണക്കനുസരിച്ച് ഈ വർഷം പകുതിവരെ ബാങ്കുകൾ നൽകിയിരിക്കുന്ന സ്വർണവായ്പ 5.60 ലക്ഷം കോടിയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 83% കൂടുതൽ. എൻബിഎഫ്സികൾ നൽകിയ വായ്പ 69% വളർന്ന് 3.60 ലക്ഷം കോടിയായി.
Travel ⏭️




