NEWS

10 ലക്ഷം മുതൽ 3 കോടിവരെ സബ്സിഡി; ‘പ്രധാനമന്ത്രി’ വായ്പ എളുപ്പത്തിൽ നേടാം, എന്നിട്ടും ‘കുരുങ്ങി’ ഒട്ടേറെ അപേക്ഷകൾ


അർഹരായവർക്ക് 10 ലക്ഷം രൂപ മുതൽ 3 കോടി രൂപവരെ സബ്സിഡി കിട്ടുന്ന ‘പ്രധാനമന്ത്രി’ വായ്പാ പദ്ധതി. എളുപ്പത്തിൽ നേടാമെന്നതൊരു പ്രത്യേകത. കുറഞ്ഞതുക തിരിച്ചടച്ചാൽ മതിയെന്നത് മറ്റൊരു നേട്ടം. ഈ വായ്പയ്ക്ക് കേരളത്തിലും വലിയ ഡിമാൻഡുണ്ട്. പക്ഷേ, ബാങ്കുകളിൽ അനുമതി കിട്ടാതെ കുരുങ്ങിക്കിടക്കുന്ന ‘അപേക്ഷകളും’ ഒട്ടേറെ. കാർഷിക പുരോഗതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാങ്കേതികവിദ്യ ഉയർത്താനും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ (Prime minister’s scheme for formalisation of micro food processing enterprises- PMFME) പദ്ധതി ഭക്ഷ്യ സംസ്കരണ മേഖലയില്‍ മൂല്യവർധിത ഉൽപന്നങ്ങൾക്കാണ് പിന്തുണ നൽകുന്നത്. വായ്പയുടെ 35% വരെ സബ്സിഡി ലഭിക്കും. ഇതിൽ 60% കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരും വഹിക്കും.  വ്യക്തികൾക്ക് പരമാവധി 10 ലക്ഷം വരെ ഈ രീതിയിൽ സബ്സിഡി ലഭിക്കും. വായ്പയെടുക്കുന്ന തുകയിൽ സബ്സിഡി കിഴിച്ചുള്ള തുക തിരിച്ചടച്ചാൽ മതി. 10,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 2020 ജൂണിലായിരുന്നു ഈ വായ്പാ പദ്ധതിക്ക് തുടക്കം. തുടർന്ന് ഇതുവരെ കേരളത്തിൽ ലഭിച്ച അപേക്ഷകളിൽ‌ 10,000ഓളം എണ്ണത്തിന് ബാങ്കുകൾ അനുമതി നൽകിയെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്എൽബിസി) റിപ്പോർ‌ട്ട് വ്യക്തമാക്കുന്നു.  ഏറ്റവുമധികം വായ്പാ അനുമതി നൽകിയത് കനറാ ബാങ്കാണ് (2651). എസ്ബിഐ (1688), കേരള ഗ്രാമീൺ ബാങ്ക് (1526), യൂണിയൻ ബാങ്ക് (862), കേരള ബാങ്ക് (725), ബാങ്ക് ഓഫ് ബറോഡ (397), ഫെഡറൽ ബാങ്ക് (371), ഐഡിബിഐ ബാങ്ക് (284), ഇന്ത്യൻ ഓവർസീസ് ബാങ്ക് (248), ബാങ്ക് ഓഫ് ഇന്ത്യ (229) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. 789 അപേക്ഷകളിന്മേൽ അനുമതി നൽകുന്നത് വൈകുകയാണ്. ഇതിൽ 147 എണ്ണവും എസ്ബിഐയിലാണ്. കനറാ ബാങ്കിൽ 137, കേരള ഗ്രാമീൺ ബാങ്കിൽ 123, യൂണിയൻ ബാങ്കിൽ 95, ഐഡിബിഐ ബാങ്കിൽ 46, പഞ്ചാബ് നാഷനൽ ബാങ്കിൽ‌ 32, ബാങ്ക് ഓഫ് ബറോഡയിൽ 30 എന്നിങ്ങനെയും അപേക്ഷകളിൽ അനുമതി വൈകുന്നു. പിഎംഎഫ്എംഇ പ്രതിനിധികൾ എസ്എൽബിസി യോഗത്തിൽ പങ്കെടുക്കുമെന്നും വായ്പാ അനുമതി വൈകുന്നത് ചർച്ചയാകുമെന്നും എസ്എൽബിസി റിപ്പോർട്ടിലുണ്ട്. ഓരോ അംഗത്തിനും 40,000 രൂപ കുടുംബശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം സബ്സിഡി നൽകും. അതായത്, അഞ്ചുപേർ ചേർന്നാണ് യൂണിറ്റ് തുടങ്ങുന്നതെങ്കിൽ എടുക്കുന്ന വായ്പയിൽ രണ്ടു ലക്ഷം രൂപ കഴിച്ചുള്ള തുക തിരിച്ചടച്ചാൽ മതി. സംഘടനകൾ, പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങിയവക്ക് 3 കോടി രൂപ വരെ സബ്സിഡി ലഭിക്കും.  നിബന്ധനകൾ ഇങ്ങനെ യന്ത്ര സാമഗ്രികൾ, ടെക്നിക്കല്‍–സിവില്‍ വർക്ക് എന്നിവയ്ക്ക് ആവശ്യമായ തുകയാണ് പദ്ധതിയിൽ ഉൾപ്പെടുക. എന്നാൽ, ടെക്നിക്കല്‍– സിവില്‍ വർക്കുകൾ ആകെ പദ്ധതിച്ചെലവിന്‍റെ 30 ശതമാനത്തില്‍ കൂടാനും പാടില്ല. പ്രവർത്തന മൂലധനത്തിന് ഈ സബ്സിഡി ബാധകമല്ല. സ്ഥല വില, വാടക തുടങ്ങിയവയും പദ്ധതി ചെലവായി കണക്കാക്കില്ല. 18 വയസ്സ് തികഞ്ഞവർ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. 10% തുകയെങ്കിലും സംരംഭക വിഹിതം ഉണ്ടാകണം.  ഒരു ജില്ല ഒരു ഉൽപന്നം എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സ്കീം നടപ്പാക്കുന്നത്. അതായത്, ഓരോ ജില്ലയിലെയും മുഖ്യവിളകളെ പിന്തുയ്ക്കാൻ. കേരളത്തിലെ 14 ജില്ലകൾക്കായി 10 കാർഷിക വിളകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നെഗറ്റീവ് ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഭക്ഷ്യസംസ്കരണ മേഖലയിലെ എല്ലാത്തരം സംരംഭങ്ങളെയും ഈ പദ്ധതിയില്‍ ഉൾപ്പെടുത്താവുന്നതാണ്. പുതിയവയ്ക്കും നിലവിലുള്ളവയ്ക്കും സ്കീമിൽ ആനുകൂല്യങ്ങൾ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷിക്കാനും https://pmfme.mofpi.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫിസുകൾ, ബ്ലോക്ക്/മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാർ വഴിയും അപേക്ഷ സമർപ്പിക്കാം. 


Fashion ⏭️

Back to top button