BUSINESS

ഉപ്പ്, മധുരം, കൊഴുപ്പ് കൂടിയാൽ പാക്കറ്റ് ഭക്ഷണങ്ങൾക്ക് റെ‍ഡ് വാണിങ്; വലിയ അക്ഷരത്തിൽ മുന്നറിയിപ്പ്


ന്യൂഡൽഹി ∙ ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) ‘റെഡ് വാണിങ്’ അടയാളം നിർബന്ധമാക്കി. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനായി പാക്കറ്റിന്റെ മുൻവശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്സഗൻ ആകൃതിയിൽ മുന്നറിയിപ്പ് നൽകണം. ഐസിഎംആർ-എൻഐഎൻ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാർഗരേഖകൾ അടിസ്ഥാനമാക്കിയാണ് ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയുടെ ഉയർന്ന അളവ് കണക്കാക്കുക. ശീതളപാനീയങ്ങളിലടക്കം ഉയർന്ന അളവിൽ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയുണ്ടെങ്കിൽ ‘റെഡ് വാണിങ്’ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എഫ്എസ്എസ്എഐ അറിയിച്ചു.പാക്കറ്റിൽ പോഷക വിവരങ്ങൾ നൽകുന്ന അക്ഷരങ്ങളെക്കാൾ ഒരു പോയിന്റ് വലിയ അക്ഷരത്തിൽ മുന്നറിയിപ്പ് നൽകണം. ഭക്ഷ്യ കമ്പനികൾക്ക് ഉൽപന്നങ്ങളുടെ ചേരുവകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഉപഭോക്താക്കൾക്ക് പുതിയ മാറ്റവുമായി പൊരുത്തപ്പെടാനും സമയം നൽകുന്നതിനായി ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക.നെയ്, പാചകയെണ്ണ, ഉപ്പ്, പഞ്ചസാര, ശർക്കര, തേൻ തുടങ്ങിയ പാക്കറ്റ് ഉൽപന്നങ്ങളെ നിബന്ധനയിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രകൃതിദത്തമായി കൊഴുപ്പോ മധുരമോ ഉപ്പോ കൂടുതലുള്ള  ഒറ്റ ചേരുവ ഉൽപന്നങ്ങൾക്കാണ് ഇളവ്. മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതി ‘ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് താൽപര്യമില്ലേ’ എന്നു ചോദിച്ച് എഫ്എസ്എസ്എഐയെ വിമർശിച്ചിരുന്നു.


Travel ⏭️

Back to top button