BUSINESS
കേരളത്തിൽ സ്വർണ്ണ വിലയിൽ വൻ ഇടിവുണ്ടായേക്കും; കേന്ദ്ര സർക്കാർ ഇറക്കുമതിത്തീരുവ കുറച്ചാൽ നിരക്കുകൾ താഴും

കഴിഞ്ഞ വാരം കേരളത്തിലെ സ്വർണ്ണ വിലയിൽ വലിയ ഇടിവാണുണ്ടായത്. ആഗോള തലത്തിൽ നിരക്കുകൾ കുറഞ്ഞതാണ് കാരണം. ഇതിനിടെ കേന്ദ്ര സർക്കാർ സ്വർണ്ണം-വെള്ളി എന്നിവയുടെ ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് തീരുവ താഴ്ത്തിയേക്കും. ഇങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻ വിലയിൽ ഇനിയും കുറവുണ്ടാകാനാണ് സാധ്യത.ഈ വർഷം, 2026 മെയ് 13ാം തിയ്യതിയാണ് 6 ശതമാനമായിരുന്ന ഇറക്കുമതിത്തീരുവ കേന്ദ്ര സർക്കാർ 15 ശതമാനമാക്കി വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ്ണ ഇറക്കുമതിയുടെ ചെലവ് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഫോറിൻ എക്സ്ചേഞ്ച് റിസർവ് സംരക്ഷിക്കുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു. എന്നാൽ ഉയർന്ന നികുതി സ്വർണ്ണം, വെള്ളി എന്നിവയുടെ കള്ളക്കടത്ത് വർധിപ്പിക്കുന്നതായി പിന്നീട് വിലയിരുത്തലുണ്ടായി. അതേ സമയം ഇറക്കുമതിത്തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് ഇതു വരെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.ജ്വല്ലറി മേഖല ഇറക്കുമതിത്തീരുവ നിലവിലെ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി താഴ്ത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വില വ്യതിയാനം കുറയുന്നത് കള്ളക്കടത്തിന് തടയിടുമെന്നാണ് വാദം.കഴിഞ്ഞ മെയിൽ കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതിത്തീരുവ ഉയർത്തുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി ഉയർന്നു നിന്നിരുന്നു. 2026 ഏപ്രിൽ മാസത്തിൽ, തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 82% വർധനവാണുണ്ടായത്.2026 മെയ് പകുതിയിലാണ് തീരുവ ഉയർത്തിയതെങ്കിൽപ്പോലും, തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആ മാസം ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 34% വർധനയും രേഖപ്പെടുത്തി. ജൂൺ, ജൂലൈ മാസങ്ങളിലെ ആകെ ഇറക്കുമതി തൊട്ടു മുമ്പത്തെ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.81 ബില്യൺ ഡോളറുകളിൽ നിന്ന് 5.5% ഉയർന്ന് 6.13 ബില്യൺ ഡോളറുകളായി മാറി.ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ്. പ്രതിവർഷം ഏകദേശം 700 മുതൽ 800 ടൺ വരെ സ്വർണ്ണമാണ് രാജ്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്.അതേസമയം തന്നെ, നിർമ്മിത സ്വർണ്ണാഭരണങ്ങൾ യു.എ.ഇ, തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ ആഗോള വിപണികളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.
Read News


