BUSINESS
മുട്ടവില തൊട്ടാൽ പൊട്ടുംവിധം കുതിച്ചുകയറ്റത്തിൽ; ‘ബിവി 380’ കോഴി കർഷകരുടെ ബിഎംഡബ്ല്യു!

മുട്ടവില തൊട്ടാൽ പൊട്ടുംവിധം കുതിച്ചുകയറുന്നു. 5.50 രൂപ ഉണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വിപണിയിൽ 8–10 രൂപയാണു വില. എറണാകുളം ജില്ലയിലെ ഹോൾസെയിൽ വിപണിയിൽ 7 രൂപ മുതൽ 7.50 രൂപ വരെയാണ് നിലവിലെ വില. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള നാടൻ കോഴിമുട്ടയ്ക്ക് 9 രൂപയിൽ നിന്ന് ഉയർന്ന് നിലവിൽ 12 രൂപ മുതലാണ് കടകളിൽ ഈടാക്കുന്നത്.തിരുവനന്തപുരത്ത് വെള്ള മുട്ടയ്ക്ക് 7.40 രൂപയും നാടൻ മുട്ടയ്ക്ക് 7.80 രൂപയുമാണ് വില. ഒരു മാസം മുൻപ് ഇവ യഥാക്രമം 6, 7 രൂപയായിരുന്നു. കോഴിക്കോട് നാടൻ മുട്ട എന്ന പേരിൽ അറിയപ്പെടുന്ന ബിവി 380 കോഴിയുടെ മുട്ട ചില്ലറ വിൽപന വില 10 രൂപ മുതൽ 12 രൂപ വരെയായി. തനി നാടൻ എന്നറിയപ്പെടുന്ന വീടുകളിൽ വളർത്തുന്ന കോഴികളുടെ മുട്ടയ്ക്കും വില വർധിച്ചു. നേരത്തെ 10 രൂപ മുതൽ 12 രൂപ വരെയായിരുന്നു വില ഇപ്പോഴതു 14 രൂപ വരെയായി.കണ്ണൂരിൽ രണ്ടാഴ്ച മുൻപ് 6.75 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോൾ 8 രൂപയാണ്. തമിഴ്‌നാട് സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട ഉൾപ്പെടുത്തിയതോടെ, കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുള്ള വരവ് പകുതിയോളമായി കുറഞ്ഞതു വില കൂടാൻ ഒരു കാരണമായി. ഇതിനൊപ്പം കോഴിത്തീറ്റയുടെ വിലയിലുണ്ടായ വൻ വർധനയും കോഴിവളർത്തൽ മേഖലയെയും മുട്ട ഉൽപാദനത്തെയും ബാധിച്ചു. നിലവിൽ 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപ വരെയാണ് വില. നാമക്കലിൽ നിന്ന് പ്രതിദിനം 2,12,45,000 കോഴിമുട്ടയാണ് കേരളത്തിലേക്ക് കയറ്റിയയയ്ക്കുന്നതെന്നാണ് വ്യാപാരികളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ കണക്ക്. എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് മൊത്തവ്യാപാരികളുടെ നിലപാട്. നാമക്കലിൽ മുട്ടവില 2025 മാർച്ചിൽ 5.80 രൂപ ഉണ്ടായിരുന്നത് 2026 ഏപ്രിൽ മുതൽ 6.40 രൂപ ആയി. ജൂണിൽ വീണ്ടും വർധിച്ച് വില 6.50 രൂപ ആയി. ഒരു മാസമായി ഇതാണ് വില. നാമക്കലിലെ ഏറ്റവും കൂടിയ വിലയാണ് 6.50 രൂപ.
Source link


