BUSINESS

റഷ്യയിലേക്ക് പെട്രോൾ കയറ്റി അയക്കാൻ ഇന്ത്യ! പകരം റഷ്യയുടെ ഡിസ്കൗണ്ട് ക്രൂഡോയിൽ ; കാരണം യുക്രെയ്ൻ യുദ്ധം


ക്രൂഡോയിലിന് വിദേശ രാജ്യങ്ങളെ ആശ്രയിച്ച ഇന്ത്യ വൈകാതെ റഷ്യയിലേക്ക് പെട്രോൾ കയറ്റുമതി ചെയ്യും. യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റിഫൈനറികൾ കൂട്ടത്തോടെ തകർന്നതോടെ കടുത്ത ഇന്ധന പ്രതിസന്ധിയിലാണ് റഷ്യ. ഇതിനെ നേരിടാനാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റഷ്യ എണ്ണ വാങ്ങാൻ തുടങ്ങിയത്. ഇതിനോടകം 60,000 മെട്രിക് ടൺ പെട്രോൾ ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിവരം. അതേ സമയം രണ്ട് കപ്പലുകളിലായി 70,000 മെട്രിക് ടൺ പെട്രോൾ ഇന്ത്യ റഷ്യയ്ക്ക് കൈമാറിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. ക്രൂഡോയിൽ ഉൽപാദനം കാര്യമായി നടക്കുന്നുണ്ടെങ്കിലും ഇത് ശുദ്ധീകരിക്കാനുള്ള റിഫൈനറികളുടെ ശേഷി 25 % കുറഞ്ഞതോടെയാണ് റഷ്യയ്ക്ക് തിരിച്ചടി നേരിട്ടത്.അതിനിടെ ജൂണിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യൻ ക്രൂഡോയിൽ ഇറക്കുമതി റെക്കോർഡിലെത്തിയെന്നും കണക്കുകൾ. പ്രതിദിനം 2.58 ദശലക്ഷം ബാരൽ ‘ഉരൽ’ ക്രൂഡോയിലാണ് ജൂണിൽ‍ ഇന്ത്യ വാങ്ങിയത്. ചൈനീസ് ഡിമാൻഡ് കുറഞ്ഞതും പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുന്നതുമാണ് ഇറക്കുമതി വർധിക്കാൻ കാരണം. മികച്ച ഡിസ്ക്കൗണ്ടിൽ ക്രൂഡ് ലഭ്യമാണെന്നതും ഇന്ത്യൻ കമ്പനികളെ റഷ്യയിലേക്ക് ആകർഷിക്കുന്നുണ്ട്. ചൈന വാങ്ങൽ‍ കുറച്ചതോടെ വിപണി വിലയിൽ നിന്ന് ബാരലിന് 5 ഡോളർ വരെ ഡിസ്ക്കൗണ്ടിലാണ് റഷ്യ എണ്ണ നൽകുന്നത്. ഹോർമുസ് അടഞ്ഞതോടെ ബാരലിന് 15 ഡോളർ വരെ അധികം നൽകി ഇന്ത്യൻ കമ്പനികൾ ക്രൂഡോയിൽ വാങ്ങിയ സ്ഥിതിയിൽ നിന്നാണ് മാറ്റം. ജൂണിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡോയിലിൽ പകുതിയും റഷ്യയിൽ നിന്നായിരുന്നു. പ്രതിദിനം 5.1 ലക്ഷം ബാരലുമായി യുഎഇയും 3.6 ലക്ഷം ബാരലുമായി വെനസ്വേലയും തൊട്ടുപിന്നിലുണ്ട്. പരമ്പരാഗതമായി ഇന്ത്യൻ കമ്പനികൾ‍ പരിഗണിക്കാത്ത ബ്രസീൽ, അംഗോള തുടങ്ങിയ രാജ്യങ്ങളിൽ നിന്നുവരെ ജൂണിൽ ക്രൂഡോയിൽ എത്തി. കഴിഞ്ഞ വർഷത്തേക്കാൾ ജൂണിൽ ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചതായും കണക്ക്. കഴിഞ്ഞ വർഷം ജൂണിൽ 4.7 ദശലക്ഷം ബാരലാണ് പ്രതിദിനം ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇക്കുറി ഇത് പ്രതിദിനം 4.92 ദശലക്ഷം ബാരലായി ഉയർന്നു. ഗ്യാസിൽ യുഎസ് അതേസമയം, പാചകവാതക (എൽപിജി) ഇറക്കുമതിയിൽ അമേരിക്കയാണ് മുന്നിലെന്നും കണക്ക്. ജൂണിൽ ഇന്ത്യയ്ക്ക് ആവശ്യമായ എൽപിജിയുടെ 65 ശതമാനവും അമേരിക്കയിൽ നിന്നാണ് എത്തിയത്. എന്നാൽ രാജ്യത്തിന്റെ എൽപിജി ഇറക്കുമതി യുദ്ധത്തിനു മുൻപുള്ള നിലയേക്കാൾ വളരെ കുറവാണ്. പശ്ചിമേഷ്യയിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് പ്രധാന കാരണം. ഇന്ത്യയിലേക്കുള്ള എൽപിജിയുടെ 90 ശതമാനവും ഹോർമുസ് വഴിയാണ് എത്തിയിരുന്നത്.


Source link

Back to top button