NEWS

‘ഭർത്താവിന് പരസ്‌ത്രീ ബന്ധം, താക്കീത് ചെയ്‌തിട്ടും തുടർന്നു’; ഡിവൈഎഫ്‌ഐ നേതാവിനെതിരെ ഭാര്യയുടെ പരാതി

പ്രതീകാത്മക ചിത്രം

പാലക്കാട്: സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ നേതാവിനെതിരെ ഭാര്യയുടെ പരാതി. സംസ്ഥാന ജില്ലാ നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്. പ്രാദേശിക പാർട്ടി നേതാവായ സ്‌ത്രീയുമായി ഭർത്താവിന് പരസ്‌ത്രീ ബന്ധമുണ്ടെന്നാണ് പരാതിയിലെ ആരോപണം. പരാതി നൽകി മൂന്നുമാസമായിട്ടും ഇക്കാര്യത്തിൽ ഇതുവരെയും പാർട്ടി നടപടിയെടുത്തിട്ടില്ല.

നിയമസഭാ തിരഞ്ഞടുപ്പിൽ പാർട്ടിക്കുണ്ടായ തോൽവിയുടെ കാരണങ്ങൾ പരിശോധിച്ച് പരിഹാരം കാണുന്നതിനായുള്ള സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി നടക്കുന്നതിനിടെയാണ് ജില്ലാ-നേതാവിനെതിരെയുള്ള ഭാര്യയുടെ പരാതി. മറ്റൊരു സ്‌ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ ചോദ്യംചെയ്‌തപ്പോഴെല്ലാം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് സമ്മതിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട ദിവസം വീണ്ടും അതേ സ്‌ത്രീയുമായി ബന്ധം പുലർത്തിയെന്നും അതേക്കുറിച്ച് ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പരാതിയുമായി പാർട്ടിയെ സമീപിച്ചതെന്നും യുവതി വ്യക്തമാക്കി. സിപിഎം അനുഭാവിയെന്ന നിലയിൽ രാഷ്‌ട്രീയ ഉത്തരവാദിത്തത്തിന്റെ കൂടി ഭാഗമായാണ് പരാതി നൽകുന്നതെന്നും യുവതി പറയുന്നു.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നൽകിയ പരാതിയുടെ പകർപ്പ് പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കും യുവതി കൈമാറി. സംസ്ഥാന നേതൃത്തിന്റെ നിർദേശപ്രകാരം കെ രാധാകൃഷ്‌ണൻ എം പി പരാതിയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും പ്രാഥമിക മൊഴിയെടുക്കൽ നടത്തിയിട്ടുണ്ടെന്നുമാണ് വിവരം. എന്നാൽ, ഇതുവരെയും നടപടിയെടുക്കാൻ പാർട്ടി തയ്യാറായിട്ടില്ല. നേരത്തെയും നേതാവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ഗൗരവത്തിലെടുക്കുന്നതിന് പകരം ഡിവൈഎഫ്ഐ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനം നൽകി സംരക്ഷിച്ചെന്നുമാണ് വിമർശനം. ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് യുവതി സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്.

English Summary

A CPM district leader in Palakkad faces a complaint from his wife alleging an extramarital relationship with a local party leader. Despite an initial inquiry, no party action has reportedly been taken even after three months.

Read News ⏭️

Back to top button