BUSINESS
ബ്രിട്ടീഷ് തുറമുഖ സാമ്രാജ്യം പിടിച്ചെടുക്കാൻ അദാനി; വമ്പൻ ഡീൽ, ലക്ഷ്യം ആഗോള ‘തുറമുഖ ഭീമൻ’ പട്ടം

ലണ്ടൻ ∙ ഒരുകാലത്ത് സൂര്യനസ്തമിക്കാത്ത നാട് എന്ന പെരുമചൂടിനിന്ന ബ്രിട്ടന്റെ കരുത്ത്, അവർ പിടിച്ചടക്കിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തുറമുഖങ്ങളായിരുന്നു. ഇപ്പോഴിതാ, അതേ ബ്രിട്ടനിലെ സുപ്രധാന തുറമുഖക്കമ്പനിയുടെ ഉടമകളാകാൻ ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു.അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ബ്രിട്ടനിലെ വലിയ തുറമുഖ ഓപ്പറേറ്ററായ അസോഷ്യേറ്റഡ് ബ്രിട്ടിഷ് പോർട്സിന്റെ (എബിപി) ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. തുറമുഖ ശൃംഖല ആഗോളതലത്തിൽ വിപുലീകരിക്കാനാണ് ഗൗതം അദാനി ലക്ഷ്യമിടുന്നത്. എബിപിയുടെ 63.9% ഓഹരികൾ വാങ്ങാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ 2 കനേഡിയൻ പെൻഷൻ ഫണ്ടുകളുടെ കൈവശമുള്ള ഈ ഓഹരികൾ വിൽക്കാനായി അവർ ബാങ്കർമാരെ നിയോഗിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 21 തുറമുഖങ്ങൾ എബിപിക്ക് കീഴിലുണ്ട്. ബ്രിട്ടന്റെ സമുദ്രവ്യാപാരത്തിന്റെ 25% എബിപി തുറമുഖങ്ങൾ വഴിയാണ്. ഇന്ത്യയിൽ 15 തുറമുഖങ്ങളും ഇസ്രയേൽ, ശ്രീലങ്ക, ഓസ്ട്രേലിയ, ടാൻസനിയ എന്നിവിടങ്ങളിൽ രാജ്യാന്തര തുറമുഖങ്ങളും അദാനി ഗ്രൂപ്പിനുണ്ട്.
Travel ⏭️


