NEWS

പാറമടകൾക്ക് തമിഴ്നാട് സർക്കാർ പാസ് നൽകാതായി; ഹൈറേഞ്ചിലെ ക്രഷർ യൂണിറ്റുകളും യാഡുകളും കാലിയായ അവസ്ഥ


നെടുങ്കണ്ടം ∙ പാറമടകൾക്ക് തമിഴ്നാട് സർക്കാർ പാസ് നൽകാതായതോടെ ഹൈറേഞ്ചിലെ ക്രഷർ യൂണിറ്റുകളും യാഡുകളും കാലിയായ അവസ്ഥയിൽ. തമിഴ്നാട്ടിലെ ക്വാറികളിൽ കോണ്ടൂർ, ഡ്രോൺ സർവേകൾ നടക്കുന്നതിനാലാണ് ഏതാനും ആഴ്ചകളായി പാസ് നൽകാത്തതെന്നാണ് വിവരം. സർവേ പൂർത്തീകരിച്ച് പുതിയ പാസുകൾ നൽകിത്തുടങ്ങാൻ ഇനിയും ദിവസങ്ങളെടുത്തേക്കും. പാറമണൽ, മെറ്റൽ തുടങ്ങി നിർമാണ സാമഗ്രികൾ ഹൈറേഞ്ചിൽ എത്തുന്നത് തമിഴ്നാട്ടിലെ ക്വാറികളിൽ നിന്നാണ്. ടോറസ് ലോറികളിൽ വലിയ അളവിൽ എത്തിക്കുന്ന ഉൽപന്നങ്ങൾ ചില്ലറ വിൽപന നടത്തുന്ന ഒട്ടേറെ – യാഡ് സംരംഭങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. ഹൈറേഞ്ചിൽ പാറമടകൾ പ്രവർത്തിക്കാത്തതിനാൽ ലോറേഞ്ചിൽ നിന്നുള്ള ഉൽപന്നങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി. എന്നാൽ ലോ റേഞ്ചിൽ നിന്നുള്ള ഉയർന്ന ഗതാഗത നിരക്ക് സാമ്പത്തിക ഭാരമേൽപിക്കുന്നുവെന്നാണ് മേഖലയിലുള്ളവർ പറയുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന നിർമാണ സാമഗ്രികൾക്ക് ഉയർന്ന വില നൽകേണ്ടതിനാൽ ഹൈറേഞ്ചിലെ നിർമാണ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനു പുറമേയാണ് നിലവിലെ ക്ഷാമം.


Source link

Back to top button