BUSINESS
ഹോര്‍മുസില്‍ ഇറാന്റെ പുതിയ നീക്കം; ഇന്ത്യയില്‍ എണ്ണവില കുതിക്കുമോ? സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

Iran News Updates: പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയില്‍ ഹോര്‍മുസുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി ഇറാന്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയാണ് ഹോര്‍മൂസ് കടലിടുക്കില്‍ ( Strait of Hormuz ). അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ ‘ശത്രുതാപരമായ’ രാജ്യങ്ങളുടെ സൈനിക- സിവിലിയന്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ വിലക്കേര്‍പ്പെടുത്താനുള്ള നിയമമാണ് ഇറാന്‍ കൊണ്ടുവരുന്നത്. പുതിയ കരട് ബില്ല് ഇറാന്‍ പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്. ഇറാന്റെ ഈ തന്ത്രപരമായ നീക്കം ഇന്ത്യയേയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ മേഖലയിലുണ്ടാകുന്ന ഏത് ചെറിയ സംഘര്‍ഷവും എണ്ണവില വര്‍ധനവിനും, വിലക്കയറ്റത്തിനും കാരണമാകും.ഇറാന്റെ പുതിയ കരട് നിയമംഅമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ ‘ശത്രുതാപരമായ’ രാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ (Strait of Hormuz) അനുവദിക്കില്ലെന്നാണ് പുതിയ കരട് നിയമം പറയുന്നത്. ഈ നീക്കം നിലവില്‍ ഇറാന്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നിലാണ്. ഈ വിലക്ക് ലംഘിച്ച് കടന്നുപോകുന്ന കപ്പലുകള്‍ക്ക് അവ വഹിക്കുന്ന ചരക്ക് മൂല്യത്തിന്റെ 20% വരെ പിഴ ചുമത്താന്‍ ബില്ല് ശുപാര്‍ശ ചെയ്യുന്നു.ചരക്കു നീക്കത്തിന് വിലക്ക്ഇസ്രായേലുമായി ബന്ധപ്പെട്ട സൈനിക- സിവിലിയന്‍ ചരക്കുകള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ടാകും. മുന്‍കാലങ്ങളില്‍ ഇറാനെതിരെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവര്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കുന്നത് വരെ അവര്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്രക്ക് അനുമതി നിഷേധിക്കാനും കരട് വ്യവസ്ഥ ചെയ്യുന്നു.ഈ തന്ത്രപ്രധാനമായ സമുദ്രപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഇറാനും ഒമാനും ചേര്‍ന്ന് പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടയിലാണ് ഈ കരട് നിയമം പരിഗണനയില്‍ വരുന്നത്.ഇന്ത്യയെ എങ്ങനെ ബാധിക്കും?ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതകളിലൊന്നാണ്. ഈ മേഖലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കും. ഇക്കഴിഞ്ഞ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നമ്മള്‍ അത് കണ്ടതുമാണ്.ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. ഈ കടല്‍പ്പാതയില്‍ ഉണ്ടാകുന്ന നിയന്ത്രണങ്ങളും, അസ്ഥിരതയും ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിതരണത്തെ തടസപ്പെടുത്തുകയും എണ്ണവില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്യും. ഇത് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാനും, അതുവഴി അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കും.ഈ മേഖലയില്‍ സുരക്ഷാ ഭീഷണി വര്‍ധിക്കുന്നത് വാണിജ്യ കപ്പലുകളുടെ ഇന്‍ഷുറന്‍സ് തുകയും, ചരക്കുകൂലിയും കുത്തനെ ഉയര്‍ത്താന്‍ കാരണമാകും. ഇത് ഇന്ത്യയുടെ ഇറക്കുമതി- കയറ്റുമതി ചെലവുകള്‍ വലിയ രീതിയില്‍ വര്‍ധിപ്പിക്കും. ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന്‍ നേരിട്ട് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മേഖലയിലെ കര്‍ശന പരിശോധനകളും മറ്റ് നിയന്ത്രണങ്ങളും ചരക്ക് നീക്കത്തെ വല്ലാതെ വൈകിപ്പിക്കും. ഇത് വ്യാപാര തടസ്സങ്ങള്‍ സൃഷ്ടിക്കാം.മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വഷളാകുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിലിനെയും, സുരക്ഷയെയും ബാധിക്കാം. കൂടാതെ വിദേശത്ത് നിന്നുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.അമേരിക്ക- ഇസ്രായേല്‍ കപ്പലുകളെയാണ് ഇറാന്‍ ലക്ഷ്യം വെക്കുന്നതെങ്കിലും, ഹോര്‍മുസ് കടലിടുക്കിലെ എന്ത് നിയന്ത്രണവും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും, സാമ്പത്തിക ഭദ്രതയ്ക്കും വലിയ വെല്ലുവിളിയാണ്.
Read News


