NEWS
ആയങ്കി ഒളിവിൽ, എന്നാലും ഇടവിട്ട് പോസ്റ്റ്; ‘പൂട്ടാൻ’ 10 അംഗ സ്പെഷൽ സ്ക്വാഡ്, ആഭ്യന്തരമന്ത്രിക്കും വെല്ലുവിളി

കൊച്ചി∙ പൊലീസിനെ മാത്രമല്ല, സംസ്ഥാന ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില് കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്. ആലുവ റൂറൽ എസ്പി കെ.എസ്.സുദർശന് രൂപീകരിച്ച 10 അംഗ സ്ക്വാഡിൽ മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ഊന്നുകൽ ഇൻസ്പെക്ടറും രണ്ട് എസ്ഐമാരും ബാക്കി പൊലീസുകാരുമാണു സംഘത്തിലുള്ളത്. സംഘം ഇതിനകം തന്നെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ അവസാന ലൊക്കേഷൻ എറണാകുളത്താണെന്നു കണ്ടെത്തിയെങ്കിലും ഇയാൾ ഇവിടെ തുടരാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.ഊന്നുകൽ ഇൻസ്പെക്ടറെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചിട്ടും സുഹൃത്തുക്കളെ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ വെല്ലുവിളി. ‘കഴിയുമെങ്കിൽ എന്നെ പിടികൂടൂ’ എന്ന് വെല്ലുവിളിച്ച ആയങ്കി, കേസന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് അസഭ്യവർഷവും ഭീഷണിയും അടങ്ങിയ വോയ്സ് ക്ലിപ്പ് അയച്ചുകൊടുക്കുകയും ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്. കോതമംഗലം ഇൻസ്പെക്ടർക്കെതിരെ ഭീഷണി മുഴക്കിയ കേസ് അന്വേഷിക്കുന്നത് ഊന്നുകൽ പൊലീസാണ്. ഇതിൽ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീടായിരുന്നു ഊന്നുകൽ ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിച്ചതും.
Fashion ⏭️


