BUSINESS

പടുകൂറ്റൻ എൽ.പി.ജി വാഹനിക്കപ്പലുകൾ സ്വന്തമാക്കാൻ IOC; സാധാരണക്കാർക്കും നേട്ടം, കുറയുന്ന ചെലവ് അടുക്കള ബജറ്റിനെ സഹായിക്കുന്നതിങ്ങനെ


പടുകൂറ്റൻ ഗ്യാസ് വാഹിനിക്കപ്പലുകളിൽ ( Very Large Gas Carriers -VLGCs) പകുതിയോളം ഓഹരി പങ്കാളിത്തം നേടാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) നീക്കം. ചരക്ക് കപ്പലുകളിൽ ഇത്തരത്തിൽ ഭാഗിക ഉടമസ്ഥത നേടുന്നത് ഇറക്കുമതിച്ചെവല് കുറയ്ക്കും. ഫലത്തിൽ അടുക്കളകളിൽ എൽ.പി.ജി വില വർധിക്കാതിരിക്കാൻ ഇത് കാരണമാകും. ആഭ്യന്തര പാചക വാതക സബ്സിഡി സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും. ഇത്തരത്തിലൊരു ശ്രമം നടത്തുന്ന ഇന്ത്യയിലെ ആദ്യ എണ്ണക്കമ്പനി കൂടിയാണ് ഐ.ഒ.സി. 2027 വർഷത്തിൽ യു.എസിൽ നിന്ന് ഇന്ത്യയിലേക്കുള്ള എൽ.പി.ജി ഇറക്കുമതിയുടെ നാലിൽ ഒരു ഭാഗത്തിന്റെ ചെലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 80,000 മുതൽ 93,500 ക്യുബിക് മീറ്റർ ശേഷിയുള്ള കപ്പലുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഐ.ഒ.സി ബിഡ്ഡിങ് സ്വീകരിച്ച് തുടങ്ങി. അതേ സമയം കപ്പലുകൾക്ക് 12 വർഷത്തിലധികം പഴക്കമുണ്ടാകരുതെന്ന നിബന്ധനയുമുണ്ട്. ബ്യൂട്ടെയ്ൻ, പ്രൊപ്പെയിൻ എന്നിവയുടെ വില പരമാവധി താഴ്ത്തി നിർത്താൻ അമേരിക്ക തയ്യാറാകുന്നുണ്ടെങ്കിലും ചരക്ക് നീക്കത്തിനുള്ള ചെലവ് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഗോൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന കപ്പലുകളേക്കാൾ കൂടുതൽ ദൂരം താണ്ടണമെന്നതിനാൽ യു.എസ് എൽ.പി.ജി പർച്ചേസിന് ചെലവ് ഉയർന്നു നിൽക്കുന്നു. അതേ സമയം പാചകവാതകത്തിന് വർധിച്ച ആവശ്യകതയുള്ളതിനാൽ യു.എസിൽ നിന്നടക്കം ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു2025 വർഷത്തിൽ ഇന്ത്യ ആകെ 21.85 ദശലക്ഷം മെട്രിക് ടൺ എൽ.പി.ജി ഇറക്കുമതിയാണ് നടത്തിയത്. ഇതിൽ 90% ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റിൽ നിന്നുമായിരുന്നു. ഈ ഇറക്കുമതിയിൽ 66% വീടുകളിലെ പാചകാവശ്യം ഉൾപ്പെടെ ആഭ്യന്തര ഉപഭോഗത്തിനാണ് പ്രയോജനപ്പെടുത്തിയത്. ഈ വർഷം തുടക്കത്തിൽ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള എൽ.പി.ജി വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനാൽ രാജ്യത്ത് ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെവില ഉയർത്തേണ്ടതായും വന്നു. നിലവിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ യു.എസിൽ നിന്ന് 2027 വർഷത്തെ ഇറക്കുമതിക്കുള്ള ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്, അടുത്ത വർഷം ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതി 20 ദശലക്ഷം ടണ്ണായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. യു.എസിൽ നിന്നുള്ള ഇറക്കുമതി 10 ബില്യൺ ഡോളറുകളടേതായിരിക്കും. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട ഉഭയകക്ഷി വ്യാപാരം 2030 വർഷത്തോടെ 500 ബില്യൺ ഡോളറുകളിലേക്ക് ഉയരുമെന്നും കണക്കാക്കപ്പെടുന്നു. കപ്പലുകളുമായി ബന്ധപ്പെട്ട് ഭാഗികമായ ഉടമസ്ഥാവകാശം നേടുന്നത് ഇത്തരത്തിൽ ചെലവ് കുറയ്ക്കാൻ ഇന്ത്യയ്ക്ക് സഹായകമാകും. ഫലത്തിൽ രാജ്യത്തെ എൽ.പി.ജി വില ഉയരാതെ പിടിച്ചു നിർത്താനും ഇത് പ്രയോജനപ്പെടും. ചരക്ക് നീക്കത്തിലെ ചെലവ് ലാഭിക്കുന്നതിനൊപ്പം ആഗോള വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ പാചക വാതക വില കുറയാനുള്ള സാധ്യതകളും ഭാവിയിലുണ്ട്. ഇതെല്ലാം ഫലത്തിൽ സാധാരണക്കാരുടെ അടക്കം കുടുംബ ബജറ്റിൽ നേട്ടമായി മാറും.


Read News

Back to top button