BUSINESS
E20 Petrol: എഞ്ചിന് പണി കിട്ടാതിരിക്കാന്‍ പുതിയ മാറ്റം; പ്രശ്‌നം പെട്രോള്‍ പമ്പുകളിലെന്ന് വാഹന നിര്‍മ്മാതാക്കള്‍

Auto Industry E20 Demand : രാജ്യത്ത് ഇന്ധനമേഖലയില്‍ ഇന്ന് ഏറ്റവും വലിയ സംസാരവിഷയം ഇ20 ആണ്. ഇന്ത്യയുടെ ഇന്ധന വിപ്ലവമെന്ന ലോകം മുഴുവന്‍ വാഴ്ത്തിപ്പാടുമ്പോഴും വിവാദങ്ങള്‍ക്ക് കുറവില്ല. അതേസമയം എഥനോള്‍ മൂലം വാഹനങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് സര്‍ക്കാരും, മേഖലയിലെ വിദഗ്ധരും ആവര്‍ത്തിക്കുന്നത്. സാധാരണക്കാരുടെ വാഹനങ്ങളെ വന്‍ അറ്റകുറ്റപ്പണികളില്‍ നിന്നും രക്ഷിക്കാന്‍ കര്‍ശന പരിശോധന വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് ഓട്ടോമൊബൈല്‍ വ്യവസായമാണ്. ഇവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നോക്കാം. പ്രധാന ആവശ്യങ്ങള്‍ E20 പെട്രോള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം വാഹനങ്ങളുടെ പ്രകടനം മോശമാകുന്നുവെന്നും, വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്. എന്നാല്‍ വാഹനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ച E20 ഇന്ധനം യഥാര്‍ത്ഥത്തില്‍ എഞ്ചിനുകള്‍ക്ക് ഹാനികരമല്ലെന്ന് ഓട്ടോമൊബൈല്‍ വ്യവസായം പറയുന്നു. പെട്രോള്‍ പമ്പുകളില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്ന ഇന്ധനത്തില്‍ മാലിന്യങ്ങള്‍ കലരുന്നതോ, മായം ചേര്‍ക്കുന്നതോ ആകാം തകരാറുകള്‍ക്ക് കാരണമെന്ന് ഇവര്‍ പറയുന്നു. ഇതിനുള്ള പരിഹാരം ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സ്വതന്ത്ര സംവിധാനമാണ്. നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലനിലവില്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന ഗുണനിലവാരം പരിശോധന സംവിധാനങ്ങള്‍ ഇ20 ക്ക് അനുയോജ്യമല്ല. ഇവ പഴയ പെട്രോള്‍ സംവിധാനങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ തന്നെയാണ് അവര്‍ വില്‍ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത്. നിര്‍മ്മാതാക്കള്‍ തന്നെ പരിശോധകര്‍ ആകുന്ന രീതി മാറണമെന്ന് വ്യവസായ പ്രതിനിധികള്‍ ആവശ്യപ്പെടുന്നു. എഥനോളിന് അന്തരീക്ഷത്തില്‍ നിന്നു പെട്ടെന്ന് ഈര്‍പ്പം വലിച്ചെടുക്കാനുള്ള സ്വഭാവമുണ്ട്. അതിനാല്‍ പമ്പുകളിലെ നിലവിലെ ഭൂഗര്‍ഭ സംഭരണികളും പൈപ്പുകളും പുതുക്കേണ്ടതുണ്ട്. ഇവ സാധാരണ പെട്രോള്‍ സൂക്ഷിക്കാന്‍ മാത്രം രൂപകല്‍പ്പന ചെയ്തവയാണെന്ന് അവര്‍ പറയുന്നു. മഴയോ, മറ്റ് രീതികളോ കാരണം ടാങ്കുകളില്‍ ഈര്‍പ്പമോ, വെള്ളമോ കയറാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജലാംശം 0.5 ശതമാനത്തിന് മുകളിലെത്തിയാല്‍ എഥനോളും വെള്ളവും ചേര്‍ന്ന് ടാങ്കിന്റെ അടിയില്‍ അടിയുകയും, സാധാരണ പെട്രോള്‍ മുകളില്‍ നില്‍ക്കുകയും ചെയ്യും. പമ്പില്‍ നിന്ന് ഈ വെള്ളം കലര്‍ന്ന മിശ്രിതം വാഹനങ്ങളില്‍ എത്തുന്നതാണ് നിലവിലെ പ്രധാന പ്രശ്‌നമെന്ന് ഓട്ടോമൊബൈല്‍ വ്യവസായം വിശ്വസിക്കുന്നു. പുതിയ സംവിധാനവും ഉപയോക്താക്കളുംബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പോലുള്ള ഒരു സ്വതന്ത്ര ഏജന്‍സി പരിശോധനയുടെ ചുമതല ഏറ്റെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത് പമ്പുകളില്‍ നിന്ന് കൃത്യമായ ഗുണനിലവാരവും ശുദ്ധിയുമുള്ള ഇന്ധനം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കും. വെള്ളമോ, മറ്റ് മാലിന്യങ്ങളോ കലര്‍ന്ന ഇന്ധനം കാരണം വാഹനങ്ങളുടെ എഞ്ചിന്‍ തകരാറിലാകുന്നത് ഒഴിവാക്കാനും സാധിക്കും. ഇത് ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ഭീമമായ അറ്റകുറ്റപ്പണി ചെലവുകള്‍ ഇല്ലാതാക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് നിലവിലെ പ്രധാന വില്ലന്‍ എന്നു വിദഗ്ധര്‍ പറയുന്നു. എഥനോള്‍ ബ്ലെന്‍ഡിംഗ് അളവ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 11 ബില്യണ്‍ ലിറ്ററായി ഉയര്‍ന്നെങ്കിലും, അതിനനുസരിച്ച് പെട്രോള്‍ പമ്പുകളിലെ ടാങ്കറുകളോ, ഡിപ്പോകളോ നവീകരിച്ചിട്ടില്ല. ഇ20 ഇന്ധനത്തില്‍ ഡിറ്റര്‍ജന്റുകള്‍, സിലിക്കണ്‍, ക്ലോറിന്‍ തുടങ്ങിയവ അടങ്ങിയ അഡിറ്റീവുകള്‍ ചേര്‍ക്കാന്‍ പാടില്ലെന്ന് നിലവിലെ ബിഐഎസ് നിയമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ല. രാജ്യം പൂര്‍ണ്ണമായും ഇ20 ഇന്ധനത്തിലേയ്ക്ക് മാറിയെങ്കിലും, അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും പഴയ പെട്രോളില്‍ കുടുങ്ങി കിടക്കുന്നു.(മുകളിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ ലഭ്യമായ റിപ്പോർട്ടുകളും, ഓട്ടോമൊബൈൽ വ്യവസായികളുടെ ആവശ്യങ്ങളും മാത്രമാണ്.)
Read News


