NEWS
2 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്: രാജിവച്ച് വന്നവരെ വിജയിപ്പിക്കണം; വിജയ്ക്ക് ഇത് എളുപ്പമാകില്ല! ടിവികെ സർക്കാരിന് ആദ്യ അഗ്നിപരീക്ഷ

ചെന്നൈ ∙ ടിവികെ സർക്കാരിന് ആദ്യ അഗ്നിപരീക്ഷയായി മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം. 2 മണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. രാജിവച്ചു പാർട്ടിയിൽ ചേർന്ന രണ്ടു നേതാക്കളെയും മത്സരിപ്പിക്കേണ്ട ബാധ്യതയും ടിവികെയുടെ ചുമലിലാണ്. മത്സരിപ്പിച്ചാൽ മാത്രം പോരാ, വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും സാധിച്ചാലേ പാർട്ടിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയുള്ളൂ. അണ്ണാഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കൂടുതൽ എംഎൽഎമാരെ ടിവികെയിലേക്ക് ആകർഷിക്കാനും രണ്ടു മണ്ഡലങ്ങളിലും ഭരണകക്ഷിക്കു വിജയം കൂടിയേ തീരൂ. ഇവിടങ്ങളിൽ ടിവികെ പരാജയപ്പെട്ടാൽ ഇതിനകം രാജിവച്ച മറ്റ് 5 എംഎൽഎമാരും അണ്ണാഡിഎംകെയിലെ മറ്റു വിമത നേതാക്കളും പാർട്ടി വിടുന്നതടക്കമുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.മധുരാന്തകത്ത് അണ്ണാഡിഎംകെ ടിക്കറ്റിൽ മത്സരിച്ച മരഗതം കുമരവേൽ 7194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടിവികെ സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. മരഗതത്തിന് 69,284 വോട്ടു ലഭിച്ചപ്പോൾ ടിവികെ സ്ഥാനാർഥി 62,090 വോട്ടും ഡിഎംകെ സ്ഥാനാർഥി 59,838 വോട്ടും നേടിയിരുന്നു. ടിവികെ ആരോപിക്കുന്നതു പോലെ അണ്ണാഡിഎംകെ, ഡിഎംകെ രഹസ്യ ധാരണയുണ്ടായാൽ ഭരണകക്ഷിക്കു പരാജയ സാധ്യതയുമുണ്ട്. ഇതിനെയെല്ലാം മറികടന്നു സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ മുഖ്യമന്ത്രി വിജയ് നന്നായി വിയർപ്പൊഴുക്കേണ്ടി വരും.പുതുച്ചേരിയിലും ഉപതിരഞ്ഞെടുപ്പ് രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി എൻ.രംഗസാമി ഒഴിഞ്ഞ തട്ടാഞ്ചാവടി മണ്ഡലത്തിലും ഒക്ടോബർ 6ന് ഉപതിരഞ്ഞെടുപ്പു നടക്കും. ടിവികെ സഖ്യകക്ഷിയായിരുന്ന നേയം മക്കൾ കഴകം സ്ഥാനാർഥിയെയാണ് രംഗസാമി ഇവിടെ പരാജയപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന കോൺഗ്രസ് സ്ഥാനാർഥി വി.വൈത്തിലിംഗം ഇവിടെ സ്വതന്ത്ര സ്ഥാനാർഥിക്കും പിന്നിൽ നാലാം സ്ഥാനത്തായിരുന്നു.
Fashion ⏭️


