NEWS
‘ഒരു കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ ക്ഷണവും സ്നേഹവും…’; മുഖ്യമന്ത്രിയുടെ കത്തുകിട്ടി, പ്രിസ്കില്ലയ്ക്കുണ്ട് ഓണമുണ്ട സന്തോഷം

കട്ടപ്പന∙ ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയ 101 വിഭവങ്ങളുടെ സദ്യയിലേക്ക് ക്ഷണിച്ചുകൊണ്ട് കാഞ്ചിയാർ ഗവ. ട്രൈബൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി പ്രിസ്കില്ല പ്രവീൺ അയച്ച കത്തിന് അഭിനന്ദനവും ആശംസയും അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്റെ മറുപടിക്കത്ത്. സ്കൂളിലെ ഓണാഘോഷത്തെക്കുറിച്ചും ഓണസദ്യയെക്കുറിച്ചും വിശദീകരിച്ചാണ് പ്രിസ്കില്ല മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഓണാഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. പ്രിസ്കില്ലയുടെ കത്ത് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കുട്ടികൾക്കായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി ഒപ്പിട്ട കത്തിൽ പറയുന്നു.‘ഒരു കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ ക്ഷണവും സ്നേഹവും കത്തിൽ നിറഞ്ഞുനിന്നിരുന്നു. അധ്യാപകർ പാഠപുസ്തകത്തിലെ അറിവുകൾ മാത്രമല്ല, കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ പാഠങ്ങൾ കൂടിയാണ് കുട്ടികൾക്ക് പകർന്നു നൽകുന്നത്. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവ് തെളിയിച്ച് ഉയരങ്ങളിൽ എത്താൻ എല്ലാ കുട്ടികൾക്കും കഴിയട്ടെ’-മുഖ്യമന്ത്രി കത്തിലൂടെ കുട്ടികളെ ആശംസ അറിയിച്ചു. പ്രധാനാധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 21ന് സ്കൂളിൽ 101 വിഭവങ്ങൾ ഉൾപ്പെടുത്തി ഓണസദ്യ നടത്തിയിരുന്നു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നാണ് സദ്യയൊരുക്കിയത്.
Fashion ⏭️


