BUSINESS
ഇത്രയും കാലം ഇന്ത്യയെ ഏവരും കണ്ടത് ‘ഒരു കണ്ണ് പൊത്തി’; വിപ്ലവമായി പുതിയ ISP, പതിറ്റാണ്ടുകളുടെ പോരായ്മ പരിഹരിച്ച് ഭാരതം

MoSPI Services Sector Data: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മൊത്തം സാമ്പത്തിക മൂല്യത്തിന്റെ (GVA) 52.9 ശതമാനവും സംഭാവന ചെയ്യുന്ന സേവന മേഖലയ്ക്ക് ഒടുവില്‍ കൃത്യമായ മാസാന്ത നിര്‍ണ്ണയ സംവിധാനം വന്നിരിക്കുന്നു. 2026 ജൂലൈ 14 -ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം (MoSPI) ഔദ്യോഗികമായി പുറത്തിറക്കിയ ‘ഇന്‍ഡക്‌സ് ഓഫ് സര്‍വീസസ് പ്രൊഡക്ഷന്‍’ (ISP) സൂചിക വലിയ വിപ്ലവമാകുകയാണ്. പതിറ്റാണ്ടുകളായി നമ്മുടെ സാമ്പത്തിക ശക്തിയുടെ പകുതിയിലധികവും കൃത്യമായി അളക്കാന്‍ ഔദ്യോഗിക വഴികളില്ലായിരുന്നുവെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? പറഞ്ഞുവരുന്നത് നമ്മള്‍ അവഗണിച്ച അല്ലെങ്കില്‍ മനപ്പൂര്‍വ്വം തഴഞ്ഞിട്ട സേവന മേഖലയെ പറ്റിയാണ്. ഐടി ജീവനക്കാര്‍ മുതല്‍ ഹോട്ടല്‍ തൊഴിലാളികളും, ഡ്രൈവര്‍മാരും വരെ പടുത്തുയര്‍ത്തിയ സേവന മേഖലയുടെ യഥാര്‍ത്ഥ ശേഷി ഒടുവില്‍ ഇന്ത്യ പുതിയ ഐഎസ്പി സൂചിക വഴി ലോകത്തിന് മുന്നില്‍ കൃത്യമായി കണക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കിയ പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇത്രകാലം ‘അന്ധമായി’ നയിക്കപ്പെട്ടു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുടെ മൊത്തം സാമ്പത്തിക മൂല്യത്തിന്റെ (GVA) 52.9% ശതമാനത്തില്‍ അധികവും സംഭാവന ചെയ്യുന്നത് സേവന മേഖലയാണ്. സോഫ്റ്റ്വെയര്‍, ബാങ്കിംഗ്, ഹോട്ടലുകള്‍, ഗതാഗതം, റീട്ടെയില്‍ തുടങ്ങി എല്ലാം തന്നെ ഈ സേവനമേഖലയില്‍ ഉള്‍പ്പെടുന്നു. സമ്പദ്വ്യവസ്ഥയുടെ പകുതിയില്‍ താഴെ മാത്രം വരുന്ന വ്യവസായ മേഖലയുടെ (Manufacturing, Mining, Utilities) പ്രതിമാസ നിര്‍മ്മാണ സൂചിക (IIP) മാത്രമാണ് ഇത്രയും നാള്‍ സര്‍ക്കാരിന്റെയും, സാമ്പത്തിക വിദഗ്ധരുടെയും കൈവശം ഔദ്യോഗികമായി ഉണ്ടായിരുന്നത്.സമ്പദ്വ്യവസ്ഥയുടെ പ്രധാന ഇന്‍ജിനായ സേവന മേഖലയ്ക്ക് പ്രതിമാസ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍, അനുമാനങ്ങളെയും മൂന്ന് മാസത്തിലൊരിക്കല്‍ മാത്രം വരുന്ന ജിഡിപി ഡാറ്റയെയും മാത്രം ആശ്രയിച്ചാണ് രാജ്യം മുന്നോട്ട് പോയിരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ പകുതിയില്‍ അധികം വരുന്ന സേവന മേഖലയെ പരിഗണിക്കാതിരുന്നതു കൊണ്ട് തന്നെ ഇത്രയും കാലം ഇന്ത്യ ഒറ്റക്കണ്ണുകൊണ്ടാണ് വിലയിരുത്തപ്പെട്ടിതുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വിപ്ലവകരമായ മാറ്റം ‘ISP’ ( Index of Services Production )2026 ജൂലൈ 14-ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം സേവന മേഖലയിലെ ഉല്‍പ്പാദനം അളക്കുന്നതിനുള്ള ഒരു സൂചിക അവതരിപ്പിച്ചു. Indices of Services Production – ISP യെ പറ്റിയാണ് പറഞ്ഞുവരുന്നത്. 19 ഉപമേഖലകളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ സൂചിക നിലവില്‍ സേവന മേഖലയുടെ 60% ഭാഗത്തെ പ്രതിനിധീകരിക്കുന്നു. 2024- 25 ആണ് ഇതിന്റെ അടിസ്ഥാന വര്‍ഷം.എന്താണ് ISP? ISP എന്നത് കമ്പനികളുടെ ലാഭമോ, നികുതി വരുമാനമോ മാത്രം അളക്കുന്ന ഒന്നല്ല. പണപ്പെരുപ്പത്തിന്റെ പ്രഭാവം ഒഴിവാക്കി, യഥാര്‍ത്ഥത്തില്‍ സേവന മേഖലയിലുണ്ടായ ഭൗതിക ഉല്‍പ്പാദനത്തിന്റെ, സേവനത്തിന്റെ അളവാണ് ഇതിലൂടെ കണക്കാക്കുന്നത്.ബിസിനസുകള്‍ സമര്‍പ്പിക്കുന്ന GSTR-1 റിട്ടേണുകളിലെ വിവരങ്ങളാണ് 15 ഉപമേഖലകള്‍ക്കായി (ഹോട്ടല്‍, ട്രേഡ്, റീട്ടെയില്‍, ഐ.ടി മുതലായവ) ഇവിടെ ഉപയോഗിക്കുന്നത്. റെയില്‍വേ (യാത്രക്കാരുടെയും ചരക്കിന്റെയും കണക്ക്), വ്യോമയാനം (DGCA), ബാങ്കിംഗ് (RBI), ഇന്‍ഷുറന്‍സ് (IRDAI) എന്നിവയില്‍ നിന്നുള്ള ഔദ്യോഗിക കണക്കുകളും ഇതില്‍ ഉപയോഗിക്കുന്നു.ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍19 ഉപമേഖലകളില്‍ 14 എണ്ണത്തിലും ഇരട്ടക്ക അക്ക വളര്‍ച്ച രേഖപ്പെടുത്തി. ഹോട്ടല്‍ & ഭക്ഷണ മേഖല (37.2%), റീട്ടെയില്‍ വ്യാപാരം (30.8%), ടെലികോം (22.8%) എന്നിവ വന്‍ വളര്‍ച്ച കാണിച്ചു. അതേസമയം എയര്‍ ട്രാഫിക്കില്‍ (13.9%) ഇടിവുണ്ടായി.അതേസമയം ഈ സൂചിക പൂര്‍ണ്ണമാണെന്ന് പറയുക സാധ്യമല്ല. കാരണം ജിഎസ്ടി രജിസ്‌ട്രേഷന് പുറത്തുള്ള ചെറുകിട സ്ഥാപനങ്ങളെയും, അസംഘടിത മേഖലയെയും ഇത് ഉള്‍ക്കൊള്ളുന്നില്ല. ആരോഗ്യ രംഗം, വിദ്യാഭ്യാസം, പൊതുഭരണം തുടങ്ങിയ മേഖലകള്‍ (ആകെ മൊത്തം സാമ്പത്തിക മൂല്യം (GVA) ഏകദേശം 40%) ഇതില്‍ താല്‍ക്കാലികമായോ, സ്ഥിരമായോ ഉള്‍പ്പെട്ടിട്ടില്ല. 60 ദിവസത്തെ കാലതാമസവും ഇവിടെ വലിയൊരു ന്യൂനതയാണ്. അതായത് മെയ് മാസത്തെ ഡാറ്റ ജൂലൈ അവസാനത്തോടെ മാത്രമേ ലഭിക്കൂ. നേട്ടം എന്തൊക്കെ? ആര്‍ബിഐക്ക് പലിശ നിരക്കുകള്‍ തീരുമാനിക്കാനും, സര്‍ക്കാരിന് നയരൂപീകരണത്തിനും, നിക്ഷേപകര്‍ക്ക് കൃത്യമായ തീരുമാനങ്ങളെടുക്കാനും, ജിഡിപി കൂടുതല്‍ കൃത്യമായി പ്രവചിക്കാനും ISP വഴി സാധിക്കും. പൂര്‍ണ്ണമല്ലെങ്കിലും, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളിലെ ഏറ്റവും വലിയൊരു കുറവ് പരിഹരിക്കാനുള്ള വിപ്ലവകരമായ തുടക്കമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. (മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും, ഇക്കണോമിക് ടൈംസ് പ്രൈം റിപ്പോര്‍ട്ടും അടിസ്ഥാനമാകക്കിയാണ്. ഇത് പഠന ആവശ്യങ്ങള്‍ക്കു മാത്രമാണ്.)
Read News


