BUSINESS
ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ചായ വിപ്ലവം; കൊല്‍ക്കത്ത ചായുമായി കൈകോര്‍ത്ത് മിഷേലിന്‍ സ്റ്റാര്‍ ഷെഫ് വികാസ് ഖന്ന!

Vikas Khanna Bungalow Hospitality : ന്യൂയോര്‍ക്കിലെ പ്രശസ്തമായ ഇന്ത്യന്‍ ചായ ബ്രാന്‍ഡായ ‘ കൊല്‍ക്കത്ത ചായ് ‘ (Kolkata Chai), പ്രശസ്ത മിഷെലിന്‍ സ്റ്റാര്‍ ഷെഫ് വികാസ് ഖന്നയും, ജിമ്മി റിസ്വിയും ചേര്‍ന്ന് രൂപീകരിച്ച ‘ബംഗ്ലാവ് ഹോസ്പിറ്റാലിറ്റി ഇന്‍വെസ്റ്റ്മെന്റ്‌സ്’ എന്ന സ്ഥാപനവുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. അമേരിക്കന്‍ വിപണിയില്‍ ദക്ഷിണേഷ്യന്‍ ഭക്ഷണ- പാനീയങ്ങള്‍ക്ക് ഒരു പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നത്. സഹകരണ കരാറിന്റെ ഭാഗമായി ബംഗ്ലാവ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് കൊല്‍ക്കത്ത ചായില്‍ സാമ്പത്തിക നിക്ഷേപം നടത്തും. ന്യൂയോര്‍ക്കില്‍ വികാസ് ഖന്നയുടെ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ റെസ്റ്റോറന്റുകളില്‍ കൊല്‍ക്കത്ത ചായുടെ സിഗ്‌നേച്ചര്‍ ‘മസാല ചായ’ ഇനിമുതല്‍ ലഭ്യമാകുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വരും മാസങ്ങളില്‍ കൂടുതല്‍ സംയുക്ത വിഭവങ്ങളും അവതരിപ്പിക്കുമെന്നാണു വിലയിരുത്തല്‍. അയോണ്‍ സന്യാല്‍, അനി സന്യാല്‍ എന്നീ ഇന്ത്യന്‍ വംശജരായ സഹോദരന്മാരാണ് 2019 -ല്‍ കൊല്‍ക്കത്ത ചായ് സ്ഥാപിച്ചത്. തനതായ ഇന്ത്യന്‍ ചായ വഴി വിപണികളില്‍ തിളങ്ങാന്‍ ഇവര്‍ക്കു സാധിച്ചു. പ്രശസ്ത അമേരിക്കന്‍ നടനും, കോമേഡിയനും, എമ്മി അവാര്‍ഡ് ജേതാവുമായ ഹസന്‍ മിന്‍ഹാജ് 2024 ല്‍ സംരംഭത്തില്‍ നിക്ഷേപിക്കുകയും, ബിസിനസ് പങ്കാളിയായി മാറുകയും ചെയ്തിരുന്നു. അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും, ബ്രാന്‍ഡുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുന്ന സമയത്താണ് ബംഗ്ലാവ് ഹോസ്പിറ്റാലിറ്റി ഇന്‍വെസ്റ്റ്മെന്റ്‌സിന്റെ തന്ത്രപ്രധാനമായ സഹകരണം. അടുത്ത തലമുറ ഭക്ഷ്യ, ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകളില്‍ നിക്ഷേപിക്കുന്നതിലും, പങ്കാളിത്തം വഹിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബംഗ്ലാവ് ഹോസ്പിറ്റാലിറ്റി ഇന്‍വെസ്റ്റ്മെന്റ്‌സ്. ബംഗ്ലാവ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ ന്യൂയോര്‍ക്ക് സിറ്റി റെസ്റ്റോറന്റ് പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്ന ഗുപ്ഷപ്പ്, ഉടന്‍ തുറക്കാനിരിക്കുന്ന പഞ്ചാബ് മീറ്റ് ഹൗസ് കേന്ദ്രങ്ങളിലും കൊല്‍ക്കത്ത ചായയുടെ ഹൈലൈറ്റായ ‘മസാല ചായ’ ലഭ്യമാകും. ഇന്ത്യന്‍ പാചകരീതികളില്‍ അഗ്രഗണ്യനായ ഷെഫ് വികാസ് ഖന്ന, കൊല്‍ക്കത്ത ചായ കുടുംബത്തില്‍ ചേരുന്നത് ശരിക്കും ആവേശകരമാണെന്ന് ഹസന്‍ മിന്‍ഹാജ് വ്യക്തമാക്കി. മിഷേലിന്‍ സ്റ്റാര്‍ ഷെഫ്, ചലച്ചിത്ര നിര്‍മ്മാതാവ്, മനുഷ്യസ്നേഹി എന്നി നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് വികാസ് ഖന്ന. ഇന്ത്യന്‍ പാചകരീതിയുടെ ലോകത്തിലെ ഏറ്റവും പ്രമുഖ അംബാസഡര്‍മാരില്‍ ഒരാളായും ഇദ്ദേഹത്തെ വിലയിരുത്തപ്പെടുന്നു. 40 -ല്‍ അധികം പാചകപുസ്തകങ്ങളുടെ രചയിതാവും, മാസ്റ്റര്‍ഷെഫ് ഇന്ത്യയുടെ അവതാരകനും കൂടിയാണ് അദ്ദേഹം.
Read News


