ഇവി ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും പണമടയ്ക്കാനും ഇനി ഒറ്റ ആപ്പ്, നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാർ

ഇവി ചാർജിംഗ്
ഇലക്ട്രിക് വാഹന ഉടമകൾക്ക് ഏറെ ആശ്വാസം നൽകുന്ന വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ വിവിധ കമ്പനികളുടെ ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഇനിമുതൽ ഒറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ പണം അടയ്ക്കാൻ സാധിക്കും. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് കേന്ദ്ര സർക്കാർ വികസിപ്പിക്കുന്നത്. നിയമസഭയിൽ ബിജെപി എംഎൽഎ പ്രശാന്ത് ബാംബ് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മഹാരാഷ്ട്ര സർക്കാർ വിശദാംശങ്ങൾ പങ്കുവച്ചത്.
നിലവിൽ ഓരോ കമ്പനിയുടെയും ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾ വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടി വരാറുണ്ട്. ഇത് ഇവി ഉടമകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നീക്കത്തോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. കേന്ദ്ര സർക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിലാണ് ‘യൂണിഫൈഡ് ഭാരത് ഇ-ചാർജ്’ എന്ന പേരിൽ ഈ ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുങ്ങുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിനാണ് ഇത് വികസിപ്പിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
ആപ്പ് നിലവിൽ വരുന്നതോടെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് ചാർജിംഗ് സൗകര്യങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകും. തൊട്ടടുത്തുള്ള പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താം. ചാർജറുകൾ നിലവിൽ ലഭ്യമാണോ എന്ന് മുൻകൂട്ടി അറിയാനും ചാർജ് ചെയ്യാനുള്ള സമയം ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. ഏത് കമ്പനിയുടെ ചാർജർ ആണെങ്കിലും ഒറ്റ ആപ്പിലൂടെ തന്നെ ഓൺലൈൻ പെയ്മെന്റ് നടത്താം.
രാജ്യത്ത് ഇവി ശൃംഖല അതിവേഗം വളരുന്ന സാഹചര്യത്തിൽ, പുതിയ സംവിധാനം ഇവി ചാർജിംഗ് കൂടുതൽ സുതാര്യമാകും . ആപ്പ് എന്ന് മുതൽ ലഭ്യമാകുമെന്ന കൃത്യമായ തീയതി സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതിനായുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Source link


