NEWS
വെള്ളം കണ്ടാൽ സെൻസർ തകരാർ; പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ ചെലവ്

പത്തനംതിട്ട ∙ കേരളത്തിലെ പ്രളയസാഹചര്യത്തോടു പിടിച്ചുനിൽക്കാനാവാതെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ. മലിനീകരണം കുറയ്ക്കാനായി പുതിയ ബിഎസ് 6 നിലവാരത്തിലുള്ള ബസുകളിൽ ഘടിപ്പിച്ച പുതിയ സംവിധാനങ്ങളുടെ രൂപകൽപനയിലെ പിഴവാണ് പ്രളയകാലത്ത് സ്വിഫ്റ്റ് ബസുകളെ ബ്രേക്ക് ഡൗണിലേക്കു നയിക്കുന്നത്. റോഡിൽ 40 സെന്റീമീറ്ററിൽ അധികം ഉയരത്തിൽ പ്രളയജലം ഉണ്ടെങ്കിൽ സ്വിഫ്റ്റ് ബസുകൾ ഹൈഡ്രോലോക്കായി നടുറോഡിൽ കിടക്കും. കേരളത്തിന്റെ മാറിയ കാലാവസ്ഥയും പ്രളയസാഹചര്യവും മുന്നിൽ കാണാതെ ഇറക്കിയ ഏകദേശം 600 സ്വിഫ്റ്റ് ബസുകളാണ് നിലവിൽ വെള്ളത്തെ പേടിക്കേണ്ടത്. കഴിഞ്ഞ ദിവസം കോഴഞ്ചേരിക്കടുത്ത് വെള്ളപ്പൊക്കത്തിലൂടെ ഓടിച്ച ബസ് ഹൈഡ്രോലോക്കായി നടുറോഡിൽ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായി. എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ നാലു ദിവസമായി വെള്ളക്കെട്ട് തുടരുന്നതിനാൽ സെൻസർ ഘടിപ്പിച്ച ബസുകൾ ഇന്നലെ മുതൽ ആലപ്പുഴ റൂട്ടിലൂടെ വഴിതിരിച്ചുവിട്ടു. ഡീസലിന് ഒപ്പം അമോണിയ കൂടി കലർത്തിയാണ് ബിഎസ് 6 ബസുകളിലെ പുക നിയന്ത്രണം. മുൻവാതിലിനു താഴെയാണ് വായു വലിച്ചെടുക്കാനും മറ്റുമുള്ള എയർ ഫിൽറ്റർ സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. റോഡിൽ രണ്ടടി വെള്ളം ഉയർന്നാൽ തന്നെ വായുവിനു പകരം എയർ ഫിൽറ്റർ പ്രളയജലം വലിച്ചെടുത്ത് എൻജിൻ നിലയ്ക്കാനുള്ള സാധ്യത ഏറെയാണ്.
Fashion ⏭️


