ലഹരി നൽകി ക്രൂരപീഡനം: പീഡനവിവരങ്ങൾ വെളിപ്പെടുത്തി അതിജീവിത

കൊച്ചി ∙ കളമശേരി സ്പാ പീഡനക്കേസിലെ ഇരയായ യുവതിയുടെ ശരീരത്തിലെ മുറിവുകൾ കാലംകൊണ്ട് മാറിയെങ്കിലും, ആ അനുഭവം നൽകിയ മാനസികാഘാതത്തിൽനിന്ന് അവർ ഇനിയും മുക്തയായിട്ടില്ല. പുറത്തിറങ്ങാനും ഒറ്റയ്ക്കിരിക്കാനും ഇപ്പോഴും വലിയ ഭയമാണ്. ഇതിനുപുറമെ, സമൂഹത്തിൽനിന്ന് നേരിടേണ്ടിവരുന്ന അവഗണനകളും ഒറ്റപ്പെടുത്തലുകളും ഈ കുടുംബത്തെ കൂടുതൽ തളർത്തുകയാണ്. ആലുവയിലെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടതോടെ, ഇപ്പോൾ ബന്ധുവീട്ടിൽ അഭയം തേടേണ്ട ഗതികേടിലാണ് ഇവർ. സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും, പുതിയൊരു വാടകവീട് കണ്ടെത്താൻ കഴിയാതെ ഇവർ വലയുകയാണ്. ജോലിക്കായി ഇന്റർവ്യൂവിന് വിളിച്ചുവരുത്തി, മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ആ ഭയാനകമായ നിമിഷങ്ങളെക്കുറിച്ച് അതിജീവിത മനസ്സ് തുറക്കുന്നു.
ചോദ്യം: സ്പായിലെ ഇന്റർവ്യൂവിന് പോകാൻ തീരുമാനിച്ചത് എങ്ങനെയാണ്?
ഉത്തരം: അധ്യാപകജോലി നഷ്ടപ്പെട്ട് നിൽക്കുന്ന സമയത്താണ് ഓൺലൈനിൽ സ്പായിലെ ഒഴിവുകളെക്കുറിച്ചുള്ള പരസ്യം ശ്രദ്ധയിൽപ്പെട്ടത്. ഒക്ടോബർ രണ്ടിനായിരുന്നു ശ്രീരാജ് എന്നയാൾ ഇന്റർവ്യൂ നടത്തിയത്. ജോലിയിൽ തിരഞ്ഞെടുക്കപ്പെട്ടതായി അയാൾ അറിയിച്ചു. വൈകുന്നേരം സ്റ്റാഫുകളെ പരിചയപ്പെടുത്താൻ ഒരു ചെറിയ പാർട്ടി വെച്ചിട്ടുണ്ടെന്നും അതിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. ഞാൻ വീട്ടിലേക്ക് മടങ്ങി. പിന്നീട് വൈകുന്നേരം അവർ തന്നെ ടാക്സി ബുക്ക് ചെയ്ത് എന്നെ കൂട്ടിക്കൊണ്ടുപോയി. തിരികെ വീട്ടിൽ എത്തിക്കാമെന്നും ഉറപ്പുനൽകിയിരുന്നു.
ചോദ്യം: പരാതി നൽകാൻ തീരുമാനിച്ചത് എങ്ങനെയായിരുന്നു?
ഉത്തരം: നമ്മൾ ഇതിനെ നേരിടണമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും എന്റെ ഭർത്താവ് ഉറപ്പിച്ചു പറഞ്ഞു. 13 ദിവസത്തോളം ഐസിയുവിൽ ചികിത്സയിലായിരുന്നു ഞാൻ. എസിപി മൊഴിയെടുക്കാൻ എത്തിയപ്പോഴും, ജഡ്ജി നേരിട്ട് വന്ന് കാര്യങ്ങൾ തിരക്കിയപ്പോഴും നടന്നതെല്ലാം ഞാൻ കൃത്യമായി വെളിപ്പെടുത്തിയിരുന്നു.




