AUTO

ഇ20 പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല; ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കും ഫ്‌ളക്‌സ് ഫ്യുവല്‍


ഇന്ത്യയില്‍ ഇ25(25% എഥനോള്‍ ചേര്‍ത്ത പെട്രോള്‍) പെട്രോളിനേക്കാള്‍ പ്രായോഗികമായ ബദല്‍ ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങളാണെന്ന് ഓള്‍ ഇന്ത്യ ഡിസ്റ്റിലറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജേന്ദ്ര സിംങ്. വാഹനങ്ങളിലെ എന്‍ജിന്‍ പ്രകടനത്തേയും ഇന്ധനക്ഷമതയേയും കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഫ്‌ളക്‌സ് ഫ്യുവല്‍ സാങ്കേതികവിദ്യക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വിമര്‍ശനങ്ങള്‍ക്കിടയിലും ഇ20 പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് ഓള്‍ ഇന്ത്യ ഡിസ്റ്റിലറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജേന്ദ്ര സിങ് വ്യക്തമാക്കിയിട്ടുണ്ട്. ഇ 20 ഇന്ധനത്തിന് അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രശ്‌ന പരിഹാരത്തിനായി വാഹന നിര്‍മാതാക്കളെയാണ് സമീപിക്കേണ്ടതെന്നും ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് എന്‍ജിന്‍ ട്യൂണ്‍ ചെയ്ത് നല്‍കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.എഥനോള്‍ പദ്ധതി പിന്‍വലിച്ചാല്‍ രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി കൂടുമെന്നും അത് കര്‍ഷകരുടെ വരുമാനത്തെ നേരിട്ട് ബാധിക്കുമെന്നുമാണ് വിജേന്ദ്ര സിംങ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 10-15 വര്‍ഷത്തെ പരിശ്രമംകൊണ്ടാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന പദ്ധതി രാജ്യത്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എഥനോള്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി പുതിയ സംരംഭകര്‍ക്ക് 50% പലിശ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് 2018ലാണ് ഇന്ത്യ ദേശീയ ബയോ ഫ്യുവല്‍ നയത്തിന് രൂപം നല്‍കിയത്.എഥനോള്‍ പെട്രോളില്‍ കലര്‍ത്തുന്നതോടെ ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് രാജ്യം ചിലവാക്കുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കരിമ്പ് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കും എഥനോളിലൂടെ അധിക വരുമാനം ലഭിക്കുമെന്നും സാധാരണ പെട്രോളിനേക്കാള്‍ എഥനോള്‍ കാര്‍ബണ്‍ കുറച്ചേ പുറന്തള്ളൂ എന്നും ഈ പദ്ധതിയുടെ ഗുണങ്ങളായി എടുത്തു പറയുന്നു. 2023 ഏപ്രിലിന് മുന്‍പ് നിര്‍മിച്ച വാഹനങ്ങളില്‍ എഥനോള്‍ എന്‍ജിനേയും ഇന്ധനക്ഷമതയേയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പൂര്‍ണമായും എഥനോളിലോ പെട്രോളിലോ ഒരേപോലെ ഓടിക്കാനാവുന്ന ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ രാജ്യത്ത് വ്യാപകമാക്കുകയാണ് ഇതിനുള്ള പ്രധാനപോംവഴിയെന്നാണ് കരുതപ്പെടുന്നത്.


Sports ⏭️

Back to top button