NEWS
1,550 രൂപയ്ക്ക് രാജകീയ യാത്ര; കേരളത്തിലേക്ക് ആദ്യ ഫ്ലൈ ബസ് അവതരിപ്പിച്ച് കർണാടക ആർടിസി

കോഴിക്കോട് ∙ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്ലൈ ബസ് വെള്ളിയാഴ്ച മുതൽ സർവീസ് തുടങ്ങും. കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ് സർവീസാണ് ഇത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സർവീസ്. 41 സീറ്റുള്ള സെമി സ്ലീപ്പർ എസി ബസ് ഉപയോഗിച്ചാണ് സർവീസ്.ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് യാത്ര തുടങ്ങി രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. ബെംഗളൂരുവിൽ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുൻസൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കൽപറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. കോഴിക്കോട് നിന്നും രാത്രി 07:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലർച്ചെ 05:15 ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തും. ബെംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഉണ്ടാകും. കൽപറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹൻസൂർ: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണ് മടക്കയാത്രയിൽ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.
Fashion ⏭️


