NEWS

വാഹന മോഡിഫിക്കേഷൻ: ഇളവുകൾക്കൊപ്പം കർശന മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്, പുറത്തേക്ക് ശബ്ദമുള്ള സ്പീക്കർ വേണ്ട

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ ഇളവുകൾക്കൊപ്പം കർശന മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്. മോഡിഫിക്കേഷനുകളുടെ കാര്യത്തിൽ സർക്കാർ പൊതുവെ അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും അനുമതികൾ ദുരുപയോഗം ചെയ്യുകയോ അത് ദുരന്തത്തിന് ഇടയാക്കുകയോ ചെയ്താൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഗതാഗതമന്ത്രി സിപി ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

പുറത്തേക്ക് ഉച്ചത്തിൽ പാട്ടുകേൾപ്പിക്കുന്ന രീതിയിലുള്ള സ്പീക്കറുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൽ പാട്ടുവച്ച് പുറത്ത് നൃത്തംചെയ്യുന്നതിനിടെ വണ്ടി അബദ്ധത്തിൽ മുന്നോട്ടുനീങ്ങി ഒരു കുട്ടി മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിർദേശം നൽകിയത്. ഇത്തരം സ്പീക്കറുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് വാഹനങ്ങളിൽ നിന്ന് അഴിച്ചുമാറ്റണമെന്നും അല്ലെങ്കിൽ ഏതുസമയത്തും വാഹനം പിടിച്ചെടുക്കമെന്നുമാണ് മുന്നറിയിപ്പ്.

എന്നാൽ, വാഹനത്തിന്റെ നിറംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അല്പം അനുകൂലമായ തീരുമാനങ്ങളാവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിറംമാറ്റത്തിൽ ചില സാങ്കേതിക കാര്യങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാഹനമോഡിഫിക്കേഷന് ഒരുപരിധിവരെ അനുമതി നൽകുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ അപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞതിനെ യുവ തലമുറയും വാഹനപ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ വാഗ്ദാനം നടപ്പായപ്പോൾ അവർക്ക് കടുത്ത നിരാശയായിരുന്നു ഫലം. അപകടകരമായ രീതിയിലുള്ളവ അനുവദിക്കില്ല, അല്ലാത്തവ നടത്തട്ടെ എന്നാണ് സതീശൻ പറഞ്ഞത്.

English Summary

The Transport Department announced new relaxations and strict warnings regarding vehicle modifications. Transport Minister C.P. John stated that vehicles face confiscation if modifications are misused or cause accidents. A strict ban was imposed on loud external speakers, prompted by a child’s death. Owners must remove such speakers or vehicles will be seized. Favorable decisions on color changes are also expected.
RELATED TOPICS: VEHICLE MODIFICATION RULES, KERALA MOTOR VEHICLES DEPARTMENT, TRANSPORT DEPARTMENT WARNING, VEHICLE MODIFICATION KERALA, VAHANA MODIFICATION RULES

Read News ⏭️

Back to top button