AUTO

വാഹനങ്ങൾക്ക് പ്രവേശന വിലക്ക്, നിർമ്മാണങ്ങൾക്ക് നിരോധനം, ഇരട്ടി പാർക്കിങ് ഫീസ്: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ വിപുലമായ പ്ലാൻ


ശൈത്യകാലത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ കര്‍ശന മലിനീകരണ നിയന്ത്രണ നടപടികള്‍ വരുന്നു. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഭാരത് സ്റ്റേജ്-6(ബിഎസ്6) നിലവാരമില്ലാത്തതും ഡല്‍ഹിക്ക് പുറത്ത് റജിസ്റ്റര്‍ ചെയ്തതുമായി വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ജനുവരി 31  വരെ ദേശീയ തലസ്ഥാനത്തേക്കുള്ള പ്രവേശനം നിരോധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനു പുറമേ ഡല്‍ഹിയിലെ ഇന്ധന പമ്പുകളില്‍ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനമില്ലെന്ന നിയമം കര്‍ശനമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. കാലാവധിയുള്ള മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍, സിഎന്‍ജി, എല്‍പിജി എന്നിങ്ങനെയുള്ള ഇന്ധനങ്ങളൊന്നും നല്‍കില്ല. ഫെബ്രുവരി 28 വരെ നീളുന്ന വിപുലമായ ശൈത്യകാല കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ഈ നടപടികള്‍. ഡല്‍ഹിക്കു പുറത്തു നിന്നുള്ള ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കാണ് പ്രവേശന വിലക്കുള്ളത്. അതേസമയം വൈദ്യുത വാഹനങ്ങള്‍ക്കും സിഎന്‍ജി വാഹനങ്ങള്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെയാണ് പ്രവേശന വിലക്ക് ബാധകമായിട്ടുള്ളത്. ശൈത്യകാലത്ത് പൊടി ഉയര്‍ത്തുന്ന നിര്‍മാണ- പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന നിര്‍മാണ സൈറ്റുകളില്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പൊടിശല്യം കൂടുതലായി ഉണ്ടാക്കുന്ന നിര്‍മാണങ്ങള്‍ക്ക് ഡിസംബര്‍ 10 മുതല്‍ ജനുവരി 20 വരെ പൂര്‍ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങള്‍ക്കെതിരായ നടപടികളും കര്‍ശനമാക്കും. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അംഗീകൃത മുനിസിപ്പല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഫീസ് ഇരട്ടിയാക്കിയിട്ടുണ്ട്. അതേസമയം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു കീഴിലുള്ള പാര്‍ക്കിങ് ലോണുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഗതാഗതക്കുരുക്കും വാഹനങ്ങളില്‍ നിന്നുള്ള പുകയും കുറക്കാന്‍ സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകളില്‍ വ്യത്യസ്ത സമയക്രമവും 50 ശതമാനം വര്‍ക്ക് ഫ്രം ഹോം സംവിധാനവും നടപ്പിലാക്കും. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ രാവിലെ 8:30 മുതല്‍ വൈകുന്നേരം 5 മണിവരെയും, ഡല്‍ഹി സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6:30 വരെയുമായിരിക്കും പ്രവര്‍ത്തിക്കുക. പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ഇലക്ട്രിക് ബസുകള്‍ എന്നിവ പരമാവധി ഉപയോഗിക്കാനും കാര്‍പൂളിങ് ശീലമാക്കാനും ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


Sports ⏭️

Back to top button