യുഎഇയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും എതിരായ ആക്രമണം അനുവദിക്കില്ല: ഐക്യരാഷ്ട്രസഭയിൽ ജാസെം അൽബുദൈവി

അബുദാബി / ന്യൂയോർക്ക്∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും പ്രാദേശികമായ അഖണ്ഡതയ്ക്കും നേരെയുണ്ടാകുന്ന ഏതുതരം കടന്നുകയറ്റങ്ങളെയും അനുവദിക്കില്ലെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി തീർത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഇത്തരത്തിലുള്ള കടന്നാക്രമണങ്ങൾ ലോകസമാധാനത്തിന് തന്നെ വലിയ ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ കൗൺസിൽ അംഗീകരിച്ച പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനവും അടിയന്തരവുമായ നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക്, ഹോർമുസ് കടലിടുക്ക് എന്നീ മേഖലകളിൽ ചരക്കുനീക്കം നടത്തുന്ന കപ്പലുകൾക്കും പെട്രോളിയം-വാതക ടാങ്കറുകൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത മാർഗ്ഗങ്ങളെ തടസ്സപ്പെടുത്താനുള്ള ഏത് നീക്കവും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന ഏതുവിധത്തിലുള്ള തടസ്സങ്ങളും വലിയ തോതിലുള്ള മാനുഷിക ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും ജാസെം മുഹമ്മദ് അൽബുദൈവി മുന്നറിയിപ്പ് നൽകി.




