സംസ്ഥാന ആസൂത്രണ ബോർഡ് ഇനി നിതി ആയോഗ് മാതൃകയിൽ: ലക്ഷ്യം 28 ലക്ഷം കോടിയുടെ ജിഎസ്ഡിപി

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തന ശൈലിയിൽ അടിമുടി മാറ്റം വരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. കേന്ദ്ര നിതി ആയോഗിന്റെ മാതൃക പിന്തുടർന്ന് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനം (ജി.എസ്.ഡി.പി.) നിലവിലുള്ള 16 ലക്ഷം കോടി രൂപയിൽ നിന്ന് 28 ലക്ഷം കോടി രൂപയായി വർധിപ്പിക്കാനാണ് കർമ്മപദ്ധതി. നിലവിൽ അഞ്ച് ശതമാനമായ വാർഷിക വളർച്ചാനിരക്ക് ഏഴ് ശതമാനത്തിലേക്ക് ഉയർത്തുകയെന്നതാണ് ഇതിനായി സ്വീകരിക്കുന്ന പ്രധാന നടപടി. നിലവിലെ ആസൂത്രണ രീതിയിൽ നിന്ന് മാറി, പതിനഞ്ചാം പദ്ധതി മുതൽ നിതി ആയോഗിന് സമാനമായി പ്രോജക്ട് അധിഷ്ഠിത രീതിയിലേക്ക് ബോർഡിന്റെ പ്രവർത്തനം മാറും. ഇതര സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഈ രീതി വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു.
പ്രവാസി പണത്തെ മാത്രം ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി സ്വകാര്യ മേഖലയെയും സഹകരണ സംഘങ്ങളെയും പ്രവാസി നിക്ഷേപങ്ങളെയും വലിയ തോതിൽ പ്രോത്സാഹിപ്പിക്കും. പത്ത് കോടി രൂപയ്ക്ക് മുകളിൽ മുതൽമുടക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ബോർഡിന് കീഴിൽ പ്രത്യേക ‘പാർട്ണർഷിപ്പ് സെൽ’ രൂപീകരിക്കും. ഇതിന്റെ ഭാഗമായി 100 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് അനുവദിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തിന്റെ വയബിലിറ്റി ഗാപ് ഫണ്ടിംഗിന്റെ സഹായവും തേടും. മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രിമാരും ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖറും പങ്കെടുത്തു.
പുതുതായി നടപ്പിലാക്കുന്ന പദ്ധതികൾ:
1. ജില്ലാതലത്തിൽ പദ്ധതികൾ വിലയിരുത്തുന്നതിനായി പ്രത്യേക സമിതികൾ.
2. കുട്ടനാട് പാക്കേജിന്റെ മാതൃകയിൽ മറ്റ് ജില്ലകൾക്കും പ്രത്യേക വികസന പാക്കേജുകൾ.
3. സിവിൽ സൊസൈറ്റി സംഘടനകളെ ഉൾപ്പെടുത്തി ജില്ലാതല പദ്ധതികൾ.
4. കൺസൾട്ടന്റുമാരെയും പ്രൊഫഷണൽ മീഡിയ ഏജൻസികളെയും കണ്ടെത്താൻ വിദഗ്ധ സമിതിയുടെ സേവനം.
5. മുഖ്യമന്ത്രി ചെയർമാനായി ‘കേരള തൊഴിൽ, സാമ്പത്തിക അവസര മിഷൻ’ രൂപീകരിക്കും.
6. കുടുംബശ്രീയുടെ മാതൃകയിൽ ‘യുവകേരളം മിഷൻ’ ആരംഭിക്കും.
7. എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ നിക്ഷേപ വികസന സംഗമങ്ങൾ സംഘടിപ്പിക്കും.
8. വനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കാൻ എസ്.ടി. വകുപ്പ് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും.




