NEWS

ആലുവ ഹാലോവീൻ പാർട്ടി: പെൺകുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി∙ സ്വകാര്യ റിസോർട്ടിൽ വെച്ചുനടന്ന ഹാലോവീൻ ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. കോട്ടയം പെരുന്ന കരിപ്പമറ്റം സ്വദേശിയായ അലക്സ് (20) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ഇയാൾ കടവന്ത്രയിലാണ് താമസിക്കുന്നത്.

ചെറിയ പ്രായത്തിലുള്ള കുട്ടികൾ പങ്കെടുത്ത പാർട്ടിയിൽ മദ്യം നൽകിയോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മദ്യത്തിന് പുറമെ മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ 31-നായിരുന്നു ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടി സംഘടിപ്പിച്ചത്.

എറണാകുളത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 15 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. തങ്ങൾ പെൺകുട്ടികൾ മാത്രമാണ് പോകുന്നതെന്നാണ് ഇവർ വീട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ പെൺകുട്ടികളുടെ യാത്രയിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് ഒരു കുട്ടിയുടെ പിതാവ് നേരിട്ട് റിസോർട്ടിലെത്തി അന്വേഷണം നടത്തി.

പ്രായപൂർത്തിയാകാത്തവർ പങ്കെടുത്ത പരിപാടിയിൽ മദ്യം വിളമ്പിയതായി തിരിച്ചറിഞ്ഞ ഇദ്ദേഹം ഉടൻ തന്നെ മറ്റ് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തെത്തി. തങ്ങളുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചത്.

Fashion ⏭️

Back to top button