LIFESTYLE NEW

ഈ പൂരി കഴിക്കാൻ കറി വേണ്ട; കണ്ടാൽതന്നെ നാവിൽ വെള്ളമൂറും, രുചി ഞെട്ടിക്കും

മലയാളികളുടെ പ്രധാന പ്രഭാത ഭക്ഷണ വിഭവങ്ങളിലൊന്നാണ് പൂരി. എണ്ണയിൽ വറുത്തുകോരുന്നതിനാൽ പ്രത്യേക രുചിയും ക്രിസ്‌പിനെസും ഇതിനുണ്ടാവും. സാധാരണയായി പൂരിയോടൊപ്പം ഉരുളക്കിഴങ്ങ് മസാലക്കറിയോ കടലക്കറിയോ ഗ്രീൻപീസ് കറിയോ ആണ് കൂടുതൽപ്പേരും കഴിക്കാറുള്ളത്. എന്നാൽ കറിയൊന്നുമില്ലാതെ കഴിക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ പൂരി തയ്യാറാക്കിനോക്കിയാലോ?

ചേരുവകൾ


റവ – 1 കപ്പ്
അരിപ്പൊടി – 2 ടേബിൾസ്പൂൺ
ഉപ്പ് – 1 നുള്ള്
നെയ്യ് -1 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
പാൽ – 2 കപ്പ്
തേങ്ങ – അര കപ്പ്
കശുവണ്ടി – 10
കസ്‌കസ് – 1 ടേബിൾസ്പൂൺ
ഏലയ്ക്ക – 2
പഞ്ചസാര – അര കപ്പ്
നട്സ് ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് റവ മിക്സിയിൽ പൊടിച്ചെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കണം. ശേഷം നന്നായി കുഴച്ചെടുക്കണം. ഈ മാവ് അര മണിക്കൂർ അടച്ച് മാറ്റിവയ്ക്കാം. ശേഷം മുകളിൽ നെയ്യ് പുരട്ടി വീണ്ടും കുഴച്ച് ചെറിയ ഉരുളകളാക്കി ചെറിയ വട്ടത്തിൽ പരത്താം.

അടുത്തതായി അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കണം. എണ്ണ ചൂടായി വരുമ്പോൾ പരത്തി വച്ച മാവ് ചേർത്തു വറുക്കാം. ശേഷം മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റണം. ഒരു സോസ് പാനിൽ രണ്ട് കപ്പ് പാലെടുത്ത് തിളപ്പിക്കാം. ഇതേ സമയം അര കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് 10 കശുവണ്ടി, ഒരു ടേബിൾസ്പൂൺ കസ്‌കസ്, രണ്ട് ഏലയ്ക്ക എന്നിവ ചേർത്ത് കുറച്ച് വെള്ളമൊഴിച്ച് അരച്ചെടുക്കാം.


പാല് തിളച്ചുവരുമ്പോൾ അരച്ചുവച്ച മിശ്രിതം ചേർത്തിളക്കാം. അര കപ്പ് പഞ്ചസാരയും ഇതിലേയ്ക്കു ചേർത്ത് അ‌ഞ്ച് മിനിറ്റ് തിളപ്പിക്കാം.
മാറ്റി വച്ചിരിക്കുന്ന പൂരിയിലേയ്ക്ക് ചെറുചൂടോടെ പാൽ ഒഴിക്കാം. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം. പ്രഭാത ഭക്ഷണമായും ചായക്കൊപ്പം നാലുമണി പലഹാരമായും ഈ വിഭവം ഉപയോഗിക്കാവുന്നതാണ്.


Source link

Related Articles

Back to top button