LIFESTYLE NEW

തരിശുഭൂമികൾ കൃഷിയിടങ്ങളാകുന്നു; കാർഷിക നിക്ഷേപ സാദ്ധ്യതകളുമായി നവോധന് തുടക്കം

കൊച്ചി: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഹെക്ടർ തരിശുഭൂമി കാർഷിക സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരാനും സ്വയംപൂർണ്ണതയിലേക്കുള്ള വഴിയൊരുക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ‘നവോധൻ’ എന്ന പേരിൽ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു. ഫലങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഇപ്പോഴുള്ള പോരായ്മയും വാണിജ്യാടിസ്ഥാനത്തിൽ ഉയർന്ന വിളവ് ഉറപ്പാക്കുന്ന കൃഷി നടത്താനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് ഈ നൂതന പദ്ധതിയ്ക്ക് രൂപം നൽകിയത്.

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലുൾപ്പെടുത്തിയാണ് ഭൂവുടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ, ഭൂവുടമയ്ക്കും സാങ്കേതിക വൈദഗ്ധ്യമുള്ള കർഷകർക്കും കൃഷി ചെയ്യാൻ അവസരമൊരുക്കുന്ന ഒരു സഹകരണ കാർഷിക മാതൃകക്ക് രൂപം നൽകിയത്.


ധനശേഷിയും കാർഷിക വൈദഗ്ധ്യവും ഉണ്ടായിട്ടും സ്വന്തമായി ഭൂമിയില്ലാത്ത നിക്ഷേപകർ, കർഷക ഗ്രൂപ്പുകൾ, സ്റ്റാർട്ടപ്പുകൾ, പ്രവാസി മലയാളികൾ തുടങ്ങിയവർക്ക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള ഒരു വലിയ അവസരമാണ് ഈ പദ്ധതി തുറന്നുനൽകുന്നത്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷം ഹെക്ടറോളം ഭൂമി കൃഷിയോഗ്യമെങ്കിലും തരിശായിക്കിടക്കുന്നു എന്നാണ് സ്ഥിതി വിവര കണക്ക്. ഈ തരിശുഭൂമിയെ മുപ്പത് ശതമാനമെങ്കിലും ഉത്പാദനക്ഷമമാക്കി പരിവർത്തനം ചെയ്യുക എന്നതാണ് ‘നവോധൻ’ പദ്ധതി വഴി ലക്‌ഷ്യം വയ്ക്കുന്നത്.


പ്രവർത്തന രീതി:
ഒരു ‘സേവന തല ഉടമ്പടി’ (Service Level Agreement – SLA) വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച്, ഭൂവുടമകൾ തങ്ങളുടെ ഉപയോഗിക്കാത്ത ഭൂമിയിൽ ഒരു നിശ്ചിത കാലയളവിലേക്ക് കൃഷി ചെയ്യാൻ കർഷകരെ ക്ഷണിക്കുന്നു. നിക്ഷേപകർ വിള ആസൂത്രണം, കൃഷി, സാങ്കേതികവിദ്യയുടെ ഉപയോഗം, ഫാം മാനേജ്മെന്റ് തുടങ്ങിയ കാർഷിക സേവനങ്ങൾ നൽകുന്നു. ഉടമ്പടി പ്രകാരം, വിളവെടുപ്പിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു നിശ്ചിത പങ്ക് ഭൂവുടമയ്ക്ക് ലഭിക്കും. ബാക്കി ലാഭം കൃഷി ചെയ്യുന്ന നിക്ഷേപകനോ കർഷക ഗ്രൂപ്പിനോ എടുക്കാം. ഇതുവഴി ഭൂവുടമയ്ക്ക് യാതൊരു നഷ്ടസാദ്ധ്യതയുമില്ലാതെ വരുമാനം ഉറപ്പാക്കാനും നിക്ഷേപകന് തന്റെ കഴിവും മൂലധനവും ഉപയോഗിച്ച് ലാഭം നേടാനും വഴിയൊരുക്കുന്നു.


പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായുള്ള സർക്കാർ ഗ്യാരണ്ടിയും, മറ്റ് പദ്ധതികളുമായുള്ള സമന്വയവും വ്യവസായ വകുപ്പ് ഇതിനായി പ്രത്യേകം രൂപവൽക്കരിച്ച കേരള അഗ്രിബിസിനസ് കമ്പനിക്കായിരിക്കും (കാബ്‌കോ). ഉടമ്പടികളിൽ മൂന്നാം കക്ഷിയായി കാബ്‌കോ ഒപ്പുവയ്ക്കുന്നതോടെ ഇടപാടുകൾക്ക് നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കും. ഇതുവഴി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റു പദ്ധതികൾ സമന്വയിപ്പിക്കുന്നതിനും അവയ്ക്കാവശ്യമായ ‘ഹാൻഡ്ഹോൾഡിംഗ്’ സേവനങ്ങളും ഉറപ്പുവരുത്തും. കൂടാതെ, കേര പദ്ധതിയുടെ മൂല്യശൃംഖലാ ഇടപെടലുകൾ വഴി ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും ബ്രാൻഡിങ്ങിനും കയറ്റുമതിക്കും കാബ്‌കോ സഹായം ലഭ്യമാക്കും.


ഇപ്പോൾ അപേക്ഷിക്കാം:
GO(Rt) No.914/2024 എന്ന സർക്കാർ ഉത്തരവിലൂടെ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ മുതൽമുടക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ‘നവോധൻ’ ഒരു സുവർണ്ണാവസരമാണ് ഒരുക്കുന്നത്. ഇത് കേരളത്തിന്റെ കാർഷിക-വ്യാവസായിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ 4700 ഏക്കർ കൃഷി ഭൂമി നവോധൻ പദ്ധതിയിലുൾപ്പെടുത്തി കൃഷി ആവശ്യത്തിനായി ഉപയോഗിക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 220 ഓളം കർഷകരും ഈയിനത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവർക്ക് ഇതോടൊപ്പം നൽകിയ ലിങ്കുകളിൽ (കർഷകർ: https://nawodhan.kabco.co.in/eoi-farmer/new, ഭൂവുടമകൾ: https://rfp.kabco.co.in/signin) അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് കേര പ്രൊജക്റ്റ് പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി.തമ്പി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 9037824060 എന്ന നമ്പറിൽ ബന്ധപ്പെടണം. PIC Contact: 9037076600.


Source link

Related Articles

Back to top button