ഓർമ്മപ്പിശകും മറവിയും: പേരും സ്ഥലവും പോലും പെട്ടെന്ന് മറന്നുപോകുന്നത് എന്തുകൊണ്ട്?

മുറിയിലേക്ക് കയറിയത് എന്തിനായിരുന്നു എന്ന് ഓർത്തെടുക്കാൻ പാടുപെടുക, പെട്ടെന്ന് ഒരു പേര് അടുത്തുണ്ടായിട്ടും ഓർമ്മയിൽ വരാതിരിക്കുക, അല്ലെങ്കിൽ സംസാരിച്ചുകൊണ്ടിരിക്കെ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന് പെട്ടെന്ന് മറന്നുപോകുക – ഇതൊക്കെ നമ്മൾ നിത്യജീവിതത്തിൽ നേരിടുന്ന സാധാരണ സംഭവങ്ങളായി തോന്നാം. നാൽപ്പതുകളിലേക്ക് പ്രവേശിച്ച സ്ത്രീകളിൽ ഇത്തരം അനുഭവങ്ങൾ കൂടുതൽ പ്രകടമാകാറുണ്ട്. പ്രായം കൂടുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക മാറ്റമെന്ന് കരുതി മിക്കവരും ഇതിനെ അവഗണിക്കുകയാണ് പതിവ്. എന്നാൽ സ്ത്രീകളിലെ ഇത്തരം അസ്വസ്ഥതകൾ ആർത്തവവിരാമത്തിന് മുന്നോടിയായുള്ള ‘പെരിമെനോപോസ്’ എന്ന ഘട്ടത്തിന്റെ സൂചനയാകാം എന്ന് ഗുഡ്ഗാവിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി ക്ലിനിക്കൽ ഡയറക്ടർ ഡോ. പല്ലവി വാസൽ മുന്നറിയിപ്പ് നൽകുന്നു.
പെരിമെനോപോസ് കാലയളവിൽ ശരീരത്തിൽ ഈസ്ട്രജൻ ഉൾപ്പെടെയുള്ള ഹോർമോണുകളുടെ നിലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ക്രമമല്ലാത്ത ആർത്തവം, പെട്ടെന്നുള്ള ദേഷ്യം അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ശരീരം തപിക്കുന്നത് പോലെ തോന്നുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഇതിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ പലപ്പോഴും പലരും തിരിച്ചറിയാറില്ല, അർഹമായ ചികിത്സ തേടാറുമില്ല. എന്തുകൊണ്ടാണ് ഈ അവസ്ഥയിൽ ‘ബ്രെയിൻ ഫോഗ്’ അഥവാ മാനസികമായ അവ്യക്തത ഉണ്ടാകുന്നത്? ശ്രദ്ധ, ഓർമ്മശക്തി, മാനസികനില എന്നിവ നിയന്ത്രിക്കുന്നതിൽ മസ്തിഷ്കത്തിന് ഈസ്ട്രജൻ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ ഏകാഗ്രത കുറയുക, കാര്യങ്ങൾ മറന്നുപോവുക, വാക്കുകൾ കിട്ടാൻ പ്രയാസപ്പെടുക, ചിന്തകളിൽ വ്യക്തതക്കുറവ് അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോ. വാസൽ വിശദീകരിക്കുന്നു.
ഒരേസമയം പല കാര്യങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പെട്ടെന്നുണ്ടാകുന്ന ഇത്തരം മാനസിക മന്ദത അവരിൽ വലിയ ആശങ്കയും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കാറുണ്ട്. പെരിമെനോപോസ് മൂലമുണ്ടാകുന്ന ബ്രെയിൻ ഫോഗ് താൽക്കാലികം മാത്രമാണെന്നും, ഇത് ഡിമെൻഷ്യയോ മാനസിക ശേഷിയുടെ സ്ഥിരമായ തകർച്ചയോ അല്ലെന്നും ഡോക്ടർ ഉറപ്പുനൽകുന്നു. അതേസമയം, ലക്ഷണങ്ങൾ തുടർച്ചയായി വഷളാവുകയാണെങ്കിൽ അത് വെറും ഹോർമോൺ വ്യതിയാനമാണെന്ന് മാത്രം കരുതി തള്ളിക്കളയരുത്. തൈറോയ്ഡ് തകരാറുകൾ, വിളർച്ച, വിറ്റാമിൻ ബി12-ന്റെ കുറവ്, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഇതിന് കാരണമായേക്കാം. അതിനാൽ അസ്വസ്ഥതകൾ ഗുരുതരമാണെന്ന് തോന്നിയാൽ തീർച്ചയായും ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടണം.
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് ബ്രെയിൻ ഫോഗിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. ക്രമമായ വ്യായാമം, പോഷകസമൃദ്ധമായ ആഹാരരീതി, കൃത്യമായ ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, ഒപ്പം സാമൂഹിക ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് മനസ്സും തലച്ചോറും സജീവമായി നിലനിർത്തുക എന്നിവ ഇതിനായി സഹായിക്കും. ബ്രെയിൻ ഫോഗ് ഒരു യാഥാർത്ഥ്യമാണെങ്കിലും, അതൊരു സ്ത്രീയുടെ ഓർമ്മശക്തിയോ വ്യക്തിത്വമോ നഷ്ടപ്പെടുന്നു എന്നല്ല അർത്ഥമാക്കുന്നത്. പെരിമെനോപോസ് എന്നത് ജീവിതത്തിലെ ഒരു പരിമിതിയല്ല, മറിച്ച് പ്രകൃതിദത്തമായ ഒരു പരിവർത്തന ഘട്ടം മാത്രമാണ്. ഈ മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതും ഈ കാലഘട്ടത്തെ കൂടുതൽ അനായാസമാക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.




