ജ്വല്ലറി ഉടമ ജയറാമിനെതിരെ 40 പരാതികൾ; ക്ഷേത്രത്തിന് സമീപം കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണം കണ്ടെത്തി

തിരുവനന്തപുരം ചാലയിലെ സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് മാളവിക ജ്വല്ലറി ഉടമ ജയറാമിനും മകനുമെതിരെ ഫോർട്ട് പോലീസ് സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. പത്മ, ദിവ്യ, കൃഷ്ണകുമാർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരിൽ നിന്ന് 31 പവൻ സ്വർണ്ണം വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത 35 ലക്ഷം രൂപയ്ക്ക് പകരം 15.5 ലക്ഷം രൂപ മാത്രമാണ് ജയറാം നൽകിയത്. ബാക്കി തുക പലതവണ ചോദിച്ചിട്ടും നൽകാൻ ഇയാൾ തയ്യാറായില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. ഇതേ രീതിയിൽ സ്വർണ്ണം വാങ്ങി പണം നൽകാതെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നിട്ടുള്ളത്. ഇതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചാല സ്വർണ്ണക്കവർച്ചയുടെ പ്രധാന സൂത്രധാരൻ ജയറാം ആണെന്ന് കേസിലെ പ്രതികളായ അനൂപും അമോലും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ജയറാമിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നന്ദകുമാറിൽ നിന്ന് കവർന്ന രണ്ട് കിലോയോളം സ്വർണ്ണത്തിൽ 146 പവൻ വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിടിയിലായ പ്രതികളിൽ ഒരാളായ അനൂപ് കൃത്യസ്ഥലം കാണിച്ച് കൊടുത്തതിനെത്തുടർന്നാണ് സ്വർണ്ണം വീണ്ടെടുക്കാനായത്.




