NEWS

ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണം: യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ

ലക്നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ഹിന്ദു വോട്ടർമാരെ ബോധപൂർവം ഒഴിവാക്കി എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രംഗത്ത്. ജാതിയോ മതമോ മുൻനിർത്തി വോട്ടർമാരുടെ പട്ടിക തയ്യാറാക്കാറില്ലെന്നും, അത്തരത്തിലുള്ള വിവരശേഖരണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനരീതിയല്ലെന്നും സിഇഒ നവദീപ് റിൻവ വ്യക്തമാക്കി.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, എസ്ഐആർ നടപടികൾക്ക് ശേഷം പുറത്തുവന്ന വോട്ടർ പട്ടികയിലെ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. സംസ്ഥാന പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന 1.27 കോടിയോളം വരുന്ന ഹിന്ദു വോട്ടർമാരുടെ പേരുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം ആരോപിച്ചിരുന്നു.

കൂടാതെ, സർക്കാർ ആവിഷ്കരിച്ച വിവിധ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിച്ചുകൊണ്ടിരിക്കുന്ന 55 ലക്ഷം പേരും, 18 നും 19 നും ഇടയിൽ പ്രായമുള്ള നാലര ലക്ഷത്തോളം യുവ വോട്ടർമാരും അടക്കം ഏകദേശം 66 ലക്ഷത്തോളം പേരുടെ വിവരങ്ങൾ പട്ടികയിൽ ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു സ്വതന്ത്ര ഭരണഘടനാ സംവിധാനമാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പട്ടികയിലെ ഈ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഔദ്യോഗികമായി കമ്മീഷന് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

Fashion ⏭️

Back to top button