ആണവ പരിശോധന നിഷേധിച്ച് ഇറാൻ, വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ട്രംപ്; ലോകത്ത് യുദ്ധഭീതി

യുദ്ധസാഹചര്യം പൂർണ്ണമായും വിട്ടുമാറാത്ത കാലത്തോളം തങ്ങളുടെ തകർന്ന ആണവനിലയങ്ങളിൽ പരിശോധന നടത്താൻ രാജ്യാന്തര ആണവോർജ ഏജൻസിയെ (ഐഎഇഎ) അനുവദിക്കില്ലെന്ന ഇറാൻ്റെ തീരുമാനം പ്രതിരോധ രംഗത്തെ വിദഗ്ധരെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഇറാൻ മുതിർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, ആ രാജ്യത്തിൻ്റെ ആണവ പദ്ധതികളുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യം ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയാകുന്നു.
അമേരിക്കയുടെയും ഇസ്രയേലിൻ്റെയും വ്യോമാക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ച ആണവ കേന്ദ്രങ്ങളിലേക്ക് ഐഎഇഎ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ടെഹ്റാൻ ഔദ്യോഗികമായി അറിയിച്ചതോടെ പശ്ചിമേഷ്യയിലെ ആണവ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായി. കഴിഞ്ഞ സെപ്റ്റംബറിൽ ബുഷെർ ആണവനിലയത്തിൽ പരിശോധന നടത്താൻ നിരീക്ഷകർക്ക് അനുവാദം ലഭിച്ചിരുന്നെങ്കിലും, സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം അമേരിക്കൻ ആക്രമണങ്ങൾ ലക്ഷ്യം വെച്ച മറ്റ് കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
ആണവ കേന്ദ്രങ്ങളിലെ നിരീക്ഷണം കർശനമായി തടയപ്പെട്ടതോടെ, ഇറാൻ ആണവായുധ നിർമ്മാണത്തിൻ്റെ പടിവാതിൽക്കൽ എത്തിയോ എന്ന ഭീതിയിലാണ് ആഗോള സമൂഹം. ഇത്തരം നിരീക്ഷണങ്ങളുടെ അഭാവം മുതലെടുത്ത് ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും, അതീവ പ്രധാന്യമുള്ള ആണവ പദാർത്ഥങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ലാത്തത് വൻ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം, തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ലക്ഷ്യം തങ്ങൾക്കില്ലെന്നുമാണ് ഇറാൻ്റെ നിലപാട്.




