വയനാട്– ബെംഗളുരൂ യാത്രാ ദൂരം 40 കിലോമീറ്റർ കുറയുന്നു: ബൈരക്കുപ്പ പാലം നിർമ്മാണം പൂർത്തിയാകുന്നു

പുൽപള്ളി: കേരളത്തെയും കർണാടകയെയും കബനിപ്പുഴയിലൂടെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമാണത്തിന്റെ ഭാഗമായി, പെരിക്കല്ലൂർ കടവിൽ മണ്ണുപരിശോധനയ്ക്ക് തുടക്കമായി. പാലത്തിന്റെ രൂപരേഖയും നിർമാണച്ചെലവും കൃത്യമായി കണക്കാക്കുന്നതിന്റെ മുന്നോടിയായാണ് മണ്ണിലെ ഘടനാപരമായ മാറ്റങ്ങളും പാറയുടെ സാന്നിധ്യവും മറ്റും പരിശോധിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കോഴിക്കോട് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.വി. സുഹൈൽ, ഓവർസീയർമാരായ കെ.കെ. പ്രണവ്, ഇ.എം. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനാ നടപടികൾ പുരോഗമിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തറക്കല്ലിട്ടെങ്കിലും നീണ്ടുപോയ ഈ പദ്ധതിക്ക്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെയും ഇരു സംസ്ഥാന സർക്കാരുകളുടെയും അനുമതിയും സാമ്പത്തിക സഹായവും ലഭിച്ചതോടെയാണ് പുത്തൻ ഉണർവ് ലഭിച്ചത്.
മണ്ണുപരിശോധന എത്രയും വേഗം പൂർത്തിയാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് വകുപ്പിന്റെ തീരുമാനം. അടുത്ത മാസം തന്നെ പാലത്തിന്റെ ശിലാസ്ഥാപനം നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.




