NEWS

കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി വ്യാപനം: 13 പേർക്ക് രോഗബാധ, ക്യാംപസ് അടച്ചു

തിരുവനന്തപുരം ∙ ഒരാഴ്ചയ്ക്കിടെ പതിമൂന്ന് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ, കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസും ഹോസ്റ്റലും താൽക്കാലികമായി അടച്ചുപൂട്ടി. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവധിക്കാലം ചിലവഴിക്കാൻ വീടുകളിലേക്ക് മടങ്ങിയ വിദ്യാർഥിനികളിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി വിവരങ്ങളുണ്ട്. സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളും ആരോഗ്യവകുപ്പ് പ്രതിനിധികളും ചേർന്ന് നടത്തിയ അടിയന്തര യോഗത്തിലാണ് ക്യാംപസും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് പ്രവർത്തിക്കേണ്ടെന്ന് തീരുമാനമെടുത്തത്.

രോഗം ബാധിച്ചവരിൽ പത്ത് പേർ വിദ്യാർഥിനികളും മൂന്ന് പേർ സർവകലാശാലാ ജീവനക്കാരുമാണ്. പഠനം മുടങ്ങാത്ത രീതിയിൽ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും യോഗത്തിൽ ധാരണയായി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്യാംപസിലും ഹോസ്റ്റൽ പരിസരത്തും ഫോഗിങ് ഉൾപ്പെടെയുള്ള അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. അതേസമയം, പരിസരത്തെ വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗം പെരുകാൻ കാരണമെന്ന് വിദ്യാർഥികൾ ആരോപണം ഉന്നയിക്കുന്നു. ക്യാംപസിലെ ശുചിത്വ പ്രശ്നങ്ങളെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു.

Fashion ⏭️

Back to top button