NEWS

മുസ്‌ലിം ലീഗ് വിട്ടുനിന്നു: ആനക്കര പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി, സിപിഎമ്മിലെ ജംസീന പ്രസിഡന്റ്

പാലക്കാട്: ആനക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഭരണാധികാരം യുഡിഎഫിന് കൈവിട്ടു. ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധി എം.വി. ജംസീന വിജയിച്ചു. മുസ്‌ലിം ലീഗ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത് ജംസീനയ്ക്ക് തുണയായി. അഞ്ചാം വാർഡ് അംഗമായ ജംസീനയ്ക്ക് ഏഴ് വോട്ടുകളാണ് ലഭിച്ചത്. നേരത്തേ സിപിഎം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ തുടർന്ന് യുഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു.

തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പിൽ നിന്നും മുസ്‌ലിം ലീഗ് അംഗങ്ങൾ വിട്ടുനിന്നിരുന്നു. കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിലെത്തിയെങ്കിലും വോട്ടെടുപ്പ് നടപടികളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ചേർന്ന യോഗത്തിൽ ഏഴ് സിപിഎം അംഗങ്ങളും ആറ് കോൺഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവുമാണ് പങ്കെടുത്തത്.

നിലവിലെ വൈസ് പ്രസിഡന്റ് സീനത്ത് പുളിക്കൽ, സൽമ ബഷീർ, ഷീബ പുളിക്കൽ എന്നീ മുസ്‌ലിം ലീഗ് അംഗങ്ങൾ ഇത്തവണയും വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നു. ബിജെപി അംഗം വോട്ടെടുപ്പിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. അങ്ങനെ ഏഴ് വോട്ടുകൾ സമാഹരിച്ച സിപിഎമ്മിലെ എം.വി. ജംസീന ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആനക്കര പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

Fashion ⏭️

Back to top button