1983-ല്‍ 52,500 രൂപയ്ക്ക് നിരത്തിലിറങ്ങിയ മാരുതി 800-ന് ഫിവ (FIVA) ഹെറിറ്റേജ് അവാര്‍ഡ്; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വാഹനം

1983-ല്‍ 52,500 രൂപ എന്ന മിതമായ നിരക്കില്‍ വിപണിയിലെത്തി, സാധാരണക്കാരായ ഇന്ത്യക്കാരുടെ മനംകവർന്ന മാരുതി 800 മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രശസ്തമായ 21 വാഹനങ്ങളെ പിന്നിലാക്കി, ഫിവ വേള്‍ഡ് വെഹിക്കിള്‍ ഹെറിറ്റേജ് അവാര്‍ഡ് (FIVA World Vehicle Heritage Award) കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ വാഹനമെന്ന അഭിമാന നേട്ടമാണ് ഈ കുഞ്ഞന്‍ കാർ സ്വന്തമാക്കിയത്.
ദേശീയവും അന്താരാഷ്ട്രവുമായ തലത്തിൽ ഓട്ടോമൊബൈൽ രംഗത്തെ പാരമ്പര്യത്തിനും ചരിത്രത്തിനും നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ചാണ് ഈ ആഗോള അംഗീകാരം മാരുതി 800-നെ തേടിയെത്തിയത്. അമേരിക്ക, ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, സ്ലോവേനിയ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരിത്രപ്രാധാന്യമുള്ള വാഹനങ്ങളുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് ഈ നേട്ടം കൈവരിച്ചത്. ഒരു കാലത്ത് റോഡുകൾ അടക്കിവാണിരുന്ന അംബാസഡർ, ഫിയറ്റ് തുടങ്ങിയ വാഹനങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ടാണ് മാരുതി 800 വിപണിയിൽ തന്റേതായ ഇടം കണ്ടെത്തിയത്.
ഇന്ത്യൻ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ ഈ വാഹനത്തിന് സാധിച്ചു. സമ്പന്നർക്ക് മാത്രം സ്വന്തമായിരുന്ന കാർ എന്ന സങ്കൽപ്പത്തെ മാറ്റിമറിച്ചുകൊണ്ട്, മധ്യവർഗത്തിന്റെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകേകിയത് മാരുതി 800 ആയിരുന്നു. സാധാരണക്കാരുടെ പ്രധാന യാത്രാ മാർഗ്ഗമായിരുന്ന ബജാജ് സ്കൂട്ടറിന് പകരമായി ഒരു കുടുംബവാഹനമെന്ന നിലയിൽ മാരുതി 800 വളർന്നു. മികച്ച ജാപ്പനീസ് സാങ്കേതികവിദ്യയും ആധുനിക നിർമ്മാണരീതികളും വിപുലമായ സർവീസ് ശൃംഖലയും ഇന്ത്യയിൽ പരിചയപ്പെടുത്തിയത് ഈ കാറാണ്. ലോകോത്തര നിലവാരത്തിലുള്ള വാഹനങ്ങൾ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തെളിയിച്ചതോടെ, ആഗോള നിർമ്മാതാക്കൾ ഇന്ത്യയിലേക്ക് ആകർഷിക്കപ്പെടുകയും ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ വളരുകയും ചെയ്തു.
1983 ഏപ്രിലിൽ ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ വൻ ജനപ്രീതിയാണ് ഈ കാറിന് ലഭിച്ചത്. 10,000 രൂപ അഡ്വാൻസ് നൽകി ഏകദേശം 1.2 ലക്ഷം ആളുകളാണ് പ്രീ-ലോഞ്ച് കാലയളവിൽ തന്നെ ബുക്ക് ചെയ്തത്. ഡൽഹിയിൽ 52,500 രൂപയായിരുന്നു അക്കാലത്തെ വില. സഞ്ജയ് ഗാന്ധിയുടെ ജന്മവാർഷിക ദിനമായ 1983 ഡിസംബർ 14-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ ആദ്യത്തെ 10 ഉപഭോക്താക്കൾക്ക് താക്കോൽ കൈമാറി. ഇന്ത്യൻ എയർലൈൻസ് ജീവനക്കാരനായ ഹർപാൽ സിംഗ് ആയിരുന്നു ആദ്യമായി ഈ വാഹനം സ്വന്തമാക്കിയ ഭാഗ്യവാൻ; തന്റെ ഫിയറ്റ് കാർ വിറ്റാണ് അദ്ദേഹം മാരുതി 800 സ്വന്തമാക്കിയത്.
സാധാരണക്കാരന് താങ്ങാനാവുന്ന വിലയും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവും മാരുതി 800-നെ ജനപ്രിയമാക്കി. ഒതുക്കമുള്ള ഡിസൈനും മികച്ച മൈലേജും എളുപ്പത്തിൽ ഓടിക്കാനുള്ള സൗകര്യവും പുതിയതായി കാർ വാങ്ങുന്നവരെ ആകർഷിച്ചു. കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തി പതിറ്റാണ്ടുകളോളം കമ്പനി ഇതിന്റെ പ്രൗഢി നിലനിർത്തി. എങ്കിലും, കർശനമായ ബിഎസ്4 (BS4) മാനദണ്ഡങ്ങൾ വന്നതും ആൾട്ടോ പോലെയുള്ള പുതിയ മോഡലുകൾ വിപണി കീഴടക്കിയതും കാരണം, 27 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ശേഷം 2014-ൽ മാരുതി ഈ വാഹനത്തിന്റെ ഉൽപ്പാദനം ഔദ്യോഗികമായി നിർത്തിവെച്ചു.
1982-ൽ സുസുക്കി മോട്ടോർ കോർപ്പറേഷനും ഇന്ത്യൻ ഗവൺമെന്റും ചേർന്നുള്ള സംയുക്ത സംരംഭത്തിലൂടെയാണ് മാരുതിക്ക് തുടക്കമായത്. 1987-ൽ യൂറോപ്പിലേക്ക് കയറ്റുമതി ആരംഭിച്ചതോടെ ഇന്ത്യൻ നിർമ്മിത കാറുകൾ ലോകനിലവാരത്തിലേക്ക് ഉയർന്നു. ഇന്ന് 120-ലധികം രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് കാറുകൾ കയറ്റി അയക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാവായി മാരുതി വളർന്നിരിക്കുന്നു. ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറെ ആരാധകരുള്ള ഒരു വിന്റേജ് മോഡലായി മാരുതി 800 തലയുയർത്തി നിൽക്കുന്നു.




