NEWS

അമേരിക്കൻ മണ്ണിൽ ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നു: യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

വാഷിങ്ടൻ ∙ ഇറാൻ–അമേരിക്ക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ ഭീഷണികൾ നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അമേരിക്കൻ മണ്ണിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഇറാൻ പദ്ധതിയിടുന്നതായി സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. തലസ്ഥാന നഗരമടക്കം പ്രധാനപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന്, സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അമേരിക്കൻ ഭരണകൂടം ഇതിനകം തന്നെ നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇറാനിൽ നിന്നുള്ള ഭീഷണികൾ നിരന്തരമായി നിരീക്ഷിച്ചുവരുന്നുണ്ടെങ്കിലും, റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന രീതിയിലുള്ള ആക്രമണങ്ങൾ ഉടൻ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് സിഎൻഎൻ വ്യക്തമാക്കുന്നത്. “സാധ്യതയുള്ള എല്ലാവിധ സുരക്ഷാ ഭീഷണികളെയും അമേരിക്കൻ ഭരണകൂടം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്, എന്നാൽ നിലവിൽ അടിയന്തര ഭീഷണികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല,” എന്ന് വൈറ്റ് ഹൗസ് വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. എങ്കിലും, പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് തങ്ങളുടെ ആക്രമണ വ്യാപ്തി വർധിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നു എന്നതിനെ വളരെ ഗൗരവത്തോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്.

Fashion ⏭️

Back to top button