NEWS

സുഹൈലിനെ രക്ഷിക്കാൻ ബന്ധുക്കളുടെ ആക്രമണം: വാക്കുതർക്കത്തിനിടെ കാർ പാഞ്ഞു, ക്യാമറകൾ തകർത്തു

കാക്കനാട്∙ നെടുമ്പാശേരിയിൽ മദ്യപിച്ച് വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിലെ പ്രധാന പ്രതി സുഹൈൽ സജീവ് (19) ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി പത്തു ദിവസം മുൻപ് അനുവദിച്ച ജാമ്യ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15-ഓടെയാണ് കാക്കനാട് ജില്ലാ ജയിലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ബോസ്റ്റൽ സ്കൂളിൽ നിന്ന് ഇയാൾ പുറത്തുവന്നത്.

പ്രതിയെ പുറത്തുകൊണ്ടുവരാൻ എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും മാധ്യമപ്രവർത്തകരും തമ്മിൽ സ്ഥലത്ത് വൻ വാക്കുതർക്കവും ഉന്തുംതള്ളും നടന്നു. ക്യാമറകളിൽ പ്രതിയുടെ മുഖം പതിയാതിരിക്കാൻ ബന്ധുക്കൾ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ബോസ്റ്റൽ സ്കൂൾ പരിസരം നിരോധിത മേഖലയാണെന്നും ദൃശ്യങ്ങൾ പകർത്താൻ പാടില്ലെന്നുമുള്ള വാദവുമായി പ്രതിയുടെ സംഘം രംഗത്തെത്തുകയായിരുന്നു.

ഇതിനിടെ, പുറത്തിറങ്ങിയ ബോസ്റ്റൽ സ്കൂൾ ജീവനക്കാരൻ ഇടപെട്ട്, അര മണിക്കൂറിനുള്ളിൽ പ്രതി പുറത്തുവരുമെന്നും അനാവശ്യ ബഹളങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കാൻ ശ്രമിച്ചു. എന്നാൽ, പറഞ്ഞ സമയം തെറ്റിച്ച് മിനിറ്റുകൾക്കുള്ളിൽ മുഖം മറച്ച് സുഹൈൽ ഗേറ്റിന് പുറത്തേക്ക് ഓടിയെത്തി. ചാനൽ പ്രവർത്തകർ ക്യാമറകൾ ഒരുക്കുന്നതിനിടയിൽ, സുഹൈലിനെ ബന്ധുക്കൾ ചേർന്ന് ബലമായി കാറിനുള്ളിലേക്ക് കയറ്റി അതിവേഗം സ്ഥലം വിട്ടു. ഈ ബഹളത്തിനിടയിൽ മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയതോടെ ചില ചാനൽ ക്യാമറകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Fashion ⏭️

Back to top button