തലശ്ശേരി റെയിൽവേ സ്റ്റേഷൻ: നിർത്താതെ കടന്നുപോകുന്നത് 23 ട്രെയിനുകൾ

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒരു മൂന്നാം പ്ലാറ്റ്ഫോം നിർമ്മിക്കണമെന്നും, ഇതുവഴി കടന്നുപോകുന്ന കൂടുതൽ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. കേരളത്തിലെ പുരാതന റെയിൽവേ സ്റ്റേഷനുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇവിടെ, നിർത്താതെ കടന്നുപോകുന്ന ട്രെയിനുകളുടെ എണ്ണം ഇരുപത്തിമൂന്നാണ്. വടക്കൻ മലബാറിന്റെ വാണിജ്യ-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച സ്റ്റേഷനാണിത്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഈറ്റില്ലമായ തലശ്ശേരിയിൽ 1901-ൽ റെയിൽവേ എത്തിയപ്പോൾ കോഴിക്കോടിനും മംഗളൂരുവിനും ഇടയിലുള്ള ഏക ആശ്രയം ഇതായിരുന്നു.
എന്നാൽ, കാലം മുന്നോട്ട് പോയപ്പോൾ റെയിൽവേ അധികൃതർ തലശ്ശേരിയെ തഴയുന്ന കാഴ്ചയാണ് കാണാനായത്. സ്റ്റേഷനിലെ പല സുപ്രധാന സൗകര്യങ്ങളും ഘട്ടംഘട്ടമായി വെട്ടിക്കുറച്ചു. തുടക്കത്തിൽ ഉണ്ടായിരുന്ന ഗുഡ്സ് ഷെഡ് എടുത്തുമാറ്റിയതോടെ നാല് ട്രാക്കുകൾ മൂന്നായി ചുരുങ്ങി. പിന്നീട് പാർസൽ ഓഫീസ് നിർത്തലാക്കാനുള്ള ശ്രമങ്ങളും നടന്നു. ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് ഇപ്പോൾ പരിമിതമായ സമയത്തേക്കെങ്കിലും ഇവിടെ ഈ സേവനം ലഭ്യമാകുന്നത്. ഏറ്റവും ഒടുവിലായി രണ്ടാം പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി. പകരം പണം നൽകി ഉപയോഗിക്കാവുന്ന എയർകണ്ടീഷൻ ചെയ്ത വെയിറ്റിംഗ് ലോഞ്ച് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മലയോര പ്രദേശങ്ങളിൽ നിന്നും വയനാട്ടിൽ നിന്നും മറ്റും രാത്രി വൈകിയും പുലർച്ചെയുമുള്ള ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാർ നേരിടുന്ന ദുരിതം ചെറുതല്ല. ക്ലോക്ക് റൂം സൗകര്യം പോലും ഇല്ലാത്തതിനാൽ, വിലപിടിപ്പുള്ള സാധനങ്ങളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പ്ലാറ്റ്ഫോമിലോ ടിക്കറ്റ് കൗണ്ടറിന് സമീപത്തോ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇതിനുപുറമെ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ശുചിമുറി സൗകര്യം പോലും ഇവിടെയില്ല. ഈ സാഹചര്യത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ എംപി റിച്ചാർഡ് ഹേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയിട്ടുണ്ട്. സ്റ്റേഷന്റെ ചരിത്രപരമായ പ്രാധാന്യവും വികസനത്തിന്റെ ആവശ്യകതയും അദ്ദേഹം കത്തിലൂടെ അധികൃതരെ ബോധ്യപ്പെടുത്തി.




