BUSINESS

ഭൂമിക്കടിയിൽ 600 ടൺ സ്വർണ്ണശേഖരം; ഖനനത്തിന് തയ്യാറെടുത്ത് ഇന്ത്യ, സാമ്പത്തിക മുന്നേറ്റത്തിന് വഴിതുറക്കുന്നു

രാജ്യത്ത് ഭീമമായ തോതിൽ സ്വർണ്ണശേഖരം ലഭ്യമാണെങ്കിലും, വലിയ തുക മുടക്കി വിദേശങ്ങളിൽ നിന്ന് സ്വർണ്ണം ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് ഇന്ത്യ. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ നീതി ആയോഗ് ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ ഉറങ്ങിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണ്ണ നിക്ഷേപം ഖനനത്തിലൂടെ കണ്ടെത്തി പുറത്തെടുക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കുന്ന സുപ്രധാനമായൊരു തീരുമാനമാണിത്.

ഇന്ത്യയുടെ മണ്ണിൽ ഏകദേശം 501 ദശലക്ഷം ടൺ മുതൽ 518 ദശലക്ഷം ടൺ വരെ സ്വർണ്ണ അയിര് അടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഏകദേശം 600 മുതൽ 607 ടൺ വരെ ശുദ്ധമായ സ്വർണ്ണമാക്കി മാറ്റാൻ സാധിക്കുന്ന അളവാണ്.

ഇന്ത്യയിലെ സ്വർണ്ണ ശേഖരം

രാജ്യത്തെ ആകെ സ്വർണ്ണ ശേഖരത്തിൽ 44 മുതൽ 45 ശതമാനം വരെ ബീഹാറിലാണുള്ളത്. തൊട്ടുപിന്നാലെ 25 ശതമാനവുമായി രാജസ്ഥാനും 21 ശതമാനവുമായി കർണാടകയും സ്ഥാനം പിടിക്കുന്നു. പശ്ചിമ ബംഗാൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ യഥാക്രമം 3 ശതമാനവും 2 ശതമാനവും വീതം സ്വർണ്ണ നിക്ഷേപങ്ങളുണ്ട്.

ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി

ലോകത്തെ അഞ്ചാമത്തെ വലിയ സ്വർണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യയെന്നതാണ് ഏറെ കൗതുകകരമായ വസ്തുത. ആഗോളതലത്തിൽ നടക്കുന്ന സ്വർണ്ണ വ്യാപാരത്തിന്റെ 6.7% മുതൽ 9% വരെ ഇന്ത്യയിലേക്കാണ് എത്തുന്നത്. 2025-26 കാലയളവിൽ സ്വർണ്ണ ഇറക്കുമതി 71.98 ബില്യൺ ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഏകദേശം 800 ടൺ സ്വർണ്ണത്തിന് തുല്യമായ തുകയാണിത്. ഇത്രയും വലിയ ഇറക്കുമതി ചെലവ് കുറയ്ക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിൽ വലിയ ഉണർവ് ഉണ്ടാക്കും.

ചില വെല്ലുവിളികൾ

ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിട്ടും അത് പിൻവലിക്കാൻ കഴിയാത്ത അവസ്ഥ പോലെയാണ് ഇന്ത്യയുടെ സ്വർണ്ണ ഖനന മേഖല. ഖനനവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങളാണ് പ്രധാന വില്ലൻ. ഭൗമശാസ്ത്രപരമായ വിവരങ്ങളുടെ കുറവ്, പദ്ധതികൾ പൂർത്തിയാക്കാനുള്ള നീണ്ട കാലതാമസം, ലേല നടപടികളിലെ അപാകതകൾ, ലാഭക്ഷമത കുറവായതിനാൽ നിക്ഷേപകർ മടിച്ചുനിൽക്കുന്നത് എന്നിവയെല്ലാം ഈ മേഖലയിലെ പ്രധാന വെല്ലുവിളികളാണ്.

നീതി ആയോഗിന്റെ പദ്ധതി

രാജ്യത്ത് സ്വർണ്ണ ഖനനം പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് സമഗ്രമായ കർമ്മപദ്ധതി രൂപീകരിച്ചുവരികയാണ്. ഖനന കമ്പനികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തോടെ അനുമതികൾ വേഗത്തിലാക്കുക, ദീർഘകാലാടിസ്ഥാനത്തിലുള്ള ലൈസൻസിംഗ് സംവിധാനം, ലേലത്തിനായുള്ള നവീന രീതികൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. സ്വകാര്യ മേഖലയിലെ നിക്ഷേപകരെ ആകർഷിക്കുന്നതിനൊപ്പം, ഖനന കമ്പനികളുടെ ശേഷി വിലയിരുത്തി സുതാര്യമായ രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിടുന്നു. ഭൗമശാസ്ത്രപരമായ വിവരങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതും നയരൂപീകരണത്തിലെ സ്ഥിരത ഉറപ്പാക്കുന്നതും ഇതിന്റെ ഭാഗമാണ്.

ഇതുമായി ബന്ധപ്പെട്ട് ‘ഇന്ത്യയുടെ സ്വർണ്ണ ഖനന നയം: വെല്ലുവിളികളും സാധ്യതകളും’ എന്ന കരട് റിപ്പോർട്ടിൽ നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി കഴിഞ്ഞ വാരം ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ പിന്തുണയോടെ ‘പഹലേ ഇന്ത്യ ഫൗണ്ടേഷൻ’ തയ്യാറാക്കിയ ഈ റിപ്പോർട്ട്, സ്വർണ്ണ ഖനന രംഗത്ത് അടിയന്തരമായി നടപ്പിലാക്കേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമായ ദിശാബോധം നൽകുന്നു.

Read News

Back to top button