അമ്മയുടെ ഗർഭപാത്രത്തിൽ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഗർഭസ്ഥ ശിശുവിന് പുനർജന്മം

ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിലുണ്ടായ അതീവ സങ്കീർണ്ണമായ തകരാർ പരിഹരിക്കുന്നതിനായി ഡൽഹി എയിംസ് ആശുപത്രി നടത്തിയ ശസ്ത്രക്രിയ ചരിത്രനേട്ടമായി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ‘ഓപ്പൺ ഫീറ്റൽ’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്. ഗർഭകാലത്തിന്റെ ഇരുപത്തിയഞ്ചാം ആഴ്ചയിൽ കുഞ്ഞിന്റെ നട്ടെല്ലിന് കൂടുതൽ ക്ഷതങ്ങൾ സംഭവിക്കാതിരിക്കാൻ ആറു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് വിദഗ്ധ സംഘം നടത്തിയത്.
അഞ്ച് ആഴ്ചയോളം നീണ്ട സൂക്ഷ്മമായ തയാറെടുപ്പുകൾക്ക് ശേഷമായിരുന്നു ഈ ദൗത്യം ആരംഭിച്ചത്. കുഞ്ഞിന്റെ ഇമേജിങ് പരിശോധനകൾ, കൗൺസലിങ്, അനസ്തേഷ്യയ്ക്കായുള്ള ക്രമീകരണങ്ങൾ, ശസ്ത്രക്രിയയുടെ സിമുലേഷൻ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ഡോക്ടർമാർ ശസ്ത്രക്രിയയിലേക്ക് കടന്നതെന്ന് അധികൃതർ അറിയിച്ചു.
ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ദീപക് ഗുപ്ത, മാതൃ-ഭ്രൂണ വൈദ്യശാസ്ത്ര വിഭാഗം മേധാവികളായ ഡോ. നീന മൽഹോത്ര, ഡോ. കെ. അപർണ ശർമ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഗൈനക്കോളജി, ന്യൂറോ സർജറി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മുപ്പതിലധികം ആരോഗ്യപ്രവർത്തകരും ഈ ദൗത്യത്തിൽ അണിചേർന്നു. അത്യാധുനിക അൾട്രാസൊണോഗ്രഫി സംവിധാനത്തിന്റെ സഹായത്തോടെ വളരെ ശ്രദ്ധയോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കേന്ദ്ര സർക്കാരിന്റെ ‘ജനനി ശിശു സുരക്ഷാ കാര്യക്രം’ വഴി തികച്ചും സൗജന്യമായാണ് ഈ ചികിത്സ നൽകിയത് എന്നതും ശ്രദ്ധേയമാണ്.




