HEALTH

കുട്ടികളിലെ അമിത ദാഹം: ശ്രദ്ധിക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ

വെയിലത്ത് കളിച്ചു വന്ന ശേഷം കുട്ടികൾ കൂടുതൽ വെള്ളം ആവശ്യപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്. എങ്കിലും, അമിതമായ ദാഹം തുടർച്ചയായി കാണുന്നുണ്ടെങ്കിൽ അത് മാതാപിതാക്കൾ ഗൗരവമായിത്തന്നെ കാണണം. കുട്ടികളിലെ പ്രമേഹത്തിന്റെ ആദ്യകാല സൂചനകളിലൊന്നായി ഇതിനെ കണക്കാക്കാം. മിക്കവാറും അവസരങ്ങളിൽ ഇത് കുട്ടികളുടെ സാധാരണ ശീലമാണെന്ന് കരുതി രക്ഷിതാക്കൾ അവഗണിക്കാറുണ്ട്.

കുട്ടികളെ പ്രമേഹം ബാധിക്കുന്നത് എങ്ങനെ? കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നത് ടൈപ്പ് 1 പ്രമേഹമാണ്. ഇതിൽ ശരീരത്തിൽ ഇൻസുലിന്റെ ഉൽപ്പാദനം പൂർണ്ണമായും നിലയ്ക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുന്നു. രക്തത്തിലെ അധിക പഞ്ചസാരയെ പുറന്തള്ളാൻ വൃക്കകൾ കഠിനമായി പ്രവർത്തിക്കുന്നതിനാലാണ് കുട്ടികൾക്ക് അമിതമായ ദാഹം അനുഭവപ്പെടുന്നത്. ശരീരത്തിൽ നിന്ന് ധാരാളം വെള്ളം പുറത്തുപോകുന്നതും ഇതിനൊരു കാരണമാണ്. ദാഹത്തിനൊപ്പം തന്നെ, തുടർച്ചയായി മൂത്രമൊഴിക്കേണ്ടി വരുന്നതും ഇതിന്റെ ഭാഗമാണ്.

കുട്ടികൾ പകൽ സമയത്ത് കൂടെക്കൂടെ ടോയ്‌ലറ്റിൽ പോകുന്നതും, രാത്രിയിൽ പലതവണ മൂത്രമൊഴിക്കാനായി ഉണരുന്നതും മാതാപിതാക്കൾ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്. വർഷങ്ങളോളം ഇത്തരം ശീലമില്ലാതിരുന്ന കുട്ടി പെട്ടെന്നൊരു ദിവസം കിടക്കയിൽ മൂത്രമൊഴിക്കാൻ തുടങ്ങുന്നത് ഒരു പ്രധാന ലക്ഷണമാണ്. ചെറിയ കുട്ടികളാണെങ്കിൽ, ഡയപ്പറുകൾ സാധാരണയേക്കാൾ വേഗത്തിൽ നനയുന്നതും ശ്രദ്ധയിൽപ്പെട്ടേക്കാം.

മറ്റ് ലക്ഷണങ്ങൾ: കുട്ടി ധാരാളമായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം പെട്ടെന്ന് കുറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ശരീരത്തിന് ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ, ഊർജ്ജത്തിനായി കൊഴുപ്പും പേശികളും വിഘടിപ്പിക്കാൻ ശരീരം നിർബന്ധിതമാകുന്നു. ഇതാണ് വണ്ണം കുറയാൻ കാരണം. എത്ര ഭക്ഷണം കഴിച്ചാലും അവർക്ക് തൃപ്തി തോന്നാറില്ല. വയറുനിറയെ ഭക്ഷണം കഴിച്ചാലും കുട്ടികൾ ക്ഷീണിതരായോ പെട്ടെന്ന് ദേഷ്യപ്പെടുന്നവരായോ കാണപ്പെടുന്നുണ്ടെങ്കിൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.

ലക്ഷണങ്ങൾ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. ചില കാര്യങ്ങൾ അവഗണിക്കുന്നത് ഡയബറ്റിക് കീറ്റോസിഡോസിസ് പോലുള്ള ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. രക്തത്തിൽ കീറ്റോണുകൾ എന്ന ആസിഡുകൾ വർദ്ധിക്കുമ്പോൾ കുട്ടികൾക്ക് അസറ്റോൺ മണമുള്ള ശ്വാസം, വയറുവേദന, ഛർദ്ദി, വേഗതയുള്ള ശ്വാസോച്ഛ്വാസം, മയക്കം എന്നിവ അനുഭവപ്പെടാം. പലപ്പോഴും ഇതൊരു സാധാരണ പനിയോ അണുബാധയോ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.

ഈ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തിയാൽ സങ്കീർണ്ണതകൾ ഒഴിവാക്കി കുട്ടിയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം. അമിതമായ ദാഹം മാത്രം കണ്ട് ആശങ്കപ്പെടേണ്ടതില്ല; പകരം ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വണ്ണം കുറയൽ, ക്ഷീണം തുടങ്ങിയവ ഒരേസമയം ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണം. ഓർക്കുക, അമിതമായി മധുരം കഴിക്കുന്നത് കൊണ്ടോ മറ്റോ ഉണ്ടാകുന്നതല്ല ഈ രോഗം. ആധുനിക വൈദ്യശാസ്ത്രവും കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ പ്രമേഹമുള്ള കുട്ടികൾക്കും മറ്റ് കുട്ടികളെപ്പോലെ തന്നെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും വളരാൻ സാധിക്കും.

Life Style ⏭️

Back to top button