സൽമാൻ നിസാറിന്റെ അർധസെഞ്ചറി: മധ്യപ്രദേശിനോട് തോറ്റ് കേരളം; സഞ്ജു സാംസൺ പുറത്ത്

ന്യൂ ചണ്ഡീഗഢിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ കേരളത്തിന് നിരാശാജനകമായ തുടക്കം. മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് എട്ട് പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. മധ്യപ്രദേശിനായി മൂന്ന് വിക്കറ്റുകൾ പിഴുത ത്രിപുരേഷ് സിംഗാണ് കളിയിലെ കേമൻ. സ്കോർ– കേരളം: 20 ഓവറിൽ 138/6, മധ്യപ്രദേശ്: 18.4 ഓവറിൽ 142/5.
കേരള ഇന്നിംഗ്സിൽ 32 റൺസ് നേടിയ അഖിൽ സ്കറിയ 16-ാം ഓവറിൽ പുറത്തായി. സ്കോറിങ് വേഗത വർദ്ധിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് സൽമാനും ക്രീസ് വിട്ടത്. 19-ാം ഓവറിൽ ത്രിപുരേഷ് സിംഗിന്റെ ബൗളിംഗിൽ രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും നേടിയ സൽമാൻ തൊട്ടടുത്ത പന്തിൽ പുറത്താവുകയായിരുന്നു. 53 പന്തുകൾ നേരിട്ട സൽമാൻ അഞ്ച് ഫോറുകളും രണ്ട് സിക്സറുകളും സഹിതം 69 റൺസാണ് ടീമിനായി സംഭാവന ചെയ്തത്. മധ്യപ്രദേശിനായി ത്രിപുരേഷ് സിംഗ് മൂന്നും അവേശ് ഖാൻ രണ്ടും വിക്കറ്റുകൾ വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ 45 റൺസെടുത്ത അക്ഷതിനെ ബിജു നാരായണൻ പുറത്താക്കിയതോടെ മധ്യപ്രദേശിന്റെ കൂട്ടുകെട്ട് തകർന്നു. എന്നാൽ, ആ ഓവറിലെ അവസാന പന്തിൽ രജത് പട്ടീദാറിന്റെ ക്യാച്ച് കാർത്തിക് ബി. നായർ കൈവിട്ടത് കേരളത്തിന് വലിയ തിരിച്ചടിയായി. പിന്നീട് എം.ഡി. നിധീഷിനും സമാനമായ പിഴവ് പറ്റിയതോടെ അവസരം മുതലെടുത്ത പട്ടീദാർ നായകന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലെത്തിച്ചു. രജത് പട്ടീദാർ 36 റൺസുമായും രാഹുൽ ബഥം 10 റൺസുമായും പുറത്താകാതെ നിന്നു. കേരളത്തിനായി കാർത്തിക് ബി. നായർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.




