HEALTH

പ്രസവശേഷം പഞ്ഞിവെച്ച് തുന്നിക്കെട്ടി: സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച

തൃശൂർ: സർക്കാർ ആശുപത്രിയിൽ പ്രസവശുശ്രൂഷയ്ക്കെത്തിയ യുവതിയുടെ ശരീരത്തിൽ പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്ത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഫാത്തിമത്തുൽ ഷറഫിയ ആണ് ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടർ പ്രശ്നം ഒതുക്കിതീർക്കാൻ ശ്രമിച്ചതായും ഇവർ ആരോപിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു ഫാത്തിമയുടെ പ്രസവം നടന്നത്. പ്രസവാനന്തരം അമിതമായി രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഡോക്ടർ പ്രത്യേക ചികിത്സ നൽകിയിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയതോടെ കടുത്ത വേദനയും ശരീരത്തിൽ നിന്ന് ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് ചികിത്സിച്ച ഡോ. ഡിറ്റോയെ വീണ്ടും കണ്ടെങ്കിലും ഫലപ്രദമായ പരിഹാരം ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു.

വേദന അസഹനീയമായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വജൈനയ്ക്കുള്ളിൽ പഞ്ഞി അവശേഷിച്ചിരുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ ഇത് നീക്കം ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞതോടെ കുടുംബം ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി അധികൃതരെ സമീപിച്ചു. എന്നാൽ സംഭവം പുറത്തറിയാതിരിക്കാൻ ശ്രമിച്ച ആശുപത്രി അധികൃതർ, പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി മടക്കി അയക്കുകയായിരുന്നുവെന്നും, പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

അതേസമയം, ഡോ. ഡിറ്റോ ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ചു. മെഡിക്കൽ ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് ചികിത്സ പൂർത്തിയാക്കിയതെന്നും, തന്നോട് കുടുംബം പണം ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഒരു സ്വകാര്യ വാർത്താ ചാനലിനോട് അദ്ദേഹം പ്രതികരിച്ചത്. വൈദ്യശാസ്ത്രപരമായി വജൈനയിൽ പഞ്ഞി തങ്ങിനിൽക്കില്ലെന്നും, പ്രസവാനന്തര രക്തസ്രാവത്തോടൊപ്പം അത് പുറന്തള്ളപ്പെടുമെന്നും ഡോക്ടർ വിശദീകരിക്കുന്നു.

എന്നാൽ, താലൂക്ക് ആശുപത്രി അധികൃതർ തന്നെ പ്രശ്നം ഒത്തുതീർപ്പാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതുകൊണ്ടാണ് ചർച്ചകളുടെ ഭാഗമായി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കുന്നു. ചികിത്സാപ്പിഴവ് വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Life Style ⏭️

Back to top button