മൈക്രോ ക്യാമറയും എഐയും: പരീക്ഷാ തട്ടിപ്പ് വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ

സോൾ∙ ടാക്സ് അക്കൗണ്ട് പരീക്ഷയിൽ നിർമിത ബുദ്ധി (AI) ഉപയോഗിച്ച് കൃത്രിമം കാട്ടിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം റാങ്ക് ജേതാവായ യുവാവ്. ദക്ഷിണ കൊറിയയിൽ കോളജ് പ്രവേശനത്തിനായി നടന്ന പരീക്ഷയിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. ഏപ്രിൽ, ജൂലൈ മാസങ്ങളിലായി നടന്ന പരീക്ഷയുടെ രണ്ടു ഘട്ടങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയ ‘ഹാൻ’ എന്ന യുവാവിന്റെ അസാധാരണ പ്രകടനത്തിൽ നേരത്തെ തന്നെ സംശയങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ, താൻ പരീക്ഷാ ഹാളിൽ എഐ സാങ്കേതികവിദ്യയുടെ സഹായം തേടിയെന്ന് യുവാവ് തന്നെ സമ്മതിക്കുകയായിരുന്നു.
‘‘ജനറേറ്റീവ് എഐയും നൂതന ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ചാണ് ഞാൻ പരീക്ഷയിൽ കോപ്പിയടിച്ചത്. ഈ നേട്ടം എന്റെ കഠിനാധ്വാനത്തിന്റെ ഫലമല്ല,’’ എന്ന് അറ്റോർണി ലീ ഡോൺ-ഹോയുടെ യുട്യൂബ് ചാനലിലൂടെ ഹാൻ തുറന്നു പറഞ്ഞു. അതിസൂക്ഷ്മമായ മൈക്രോ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ പകർത്തി എഐ ടൂളുകളിലേക്ക് അയച്ചു നൽകുകയും, തുടർന്ന് സ്മാർട് ഫോണിലൂടെ ലഭിച്ച ഉത്തരങ്ങൾ പകർത്തിയെഴുതുകയുമായിരുന്നുവെന്ന് യുവാവ് വിശദീകരിച്ചു. മുഖംമൂടി അണിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയ ഇദ്ദേഹം, താൻ സ്വയം ചെയ്ത ഈ ക്രമക്കേടിനെക്കുറിച്ച് പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.




